തലയോലപ്പറന്പ്: വ്യാജ സ്വത്ത് കാട്ടി കബളിപ്പിച്ച് വിവാഹം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല കറ്റോട് പുത്തൻവീട്ടിൽ ഡോണ്‍ മാത്യു(29)നെയാണ് കസ്റ്റഡിയിലെടുത്തത്. മാതൃസഹോദരന്റെ വീടും പറന്പും ഡോണ്‍ മാത്യുവിന്റെതാണെന്നും കൂടാതെ വേറെയും സ്ഥലം പേരിലുണ്ടെന്നും ചങ്ങനാശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്യുന്നതെന്നും തനിക്ക് ഓസ്ട്രേലിയയ്ക്ക് പോകാൻ വിസ ശരിയായിട്ടുണ്ടെന്നും പറഞ്ഞു തെറ്റിധരിപ്പിച്ചാണു കഴിഞ്ഞ 25ന് തലയോലപ്പറന്പ് സ്വദേശിനിയുമായുള്ള വിവാഹം നടത്തിയത്.
വിവാഹ ആവശ്യങ്ങൾക്കായി അഞ്ച് ലക്ഷം രൂപാ ഡോണ്‍ മാത്യു അക്കൗണ്ട് വഴി വാങ്ങിയതായും യുവതിയുടെ ബന്ധു പറഞ്ഞു. വിവാഹ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കബളിപ്പിക്കപ്പെട്ട വിവരം യുവതിയുടെ വീട്ടുകാർ അറിയുന്നത്. ഇതോടെ ബന്ധുക്കൾ യുവതിയുമായി മടങ്ങി.
സംഭവം സംബന്ധിച്ച് വൈക്കം ഡിവൈഎസ്പിക്ക് യുവതി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല കറ്റോട് ഭാഗത്ത് നിന്ന് ഇന്നലെ പുലർച്ചയോടെ തലയോലപ്പറന്പ് പോലീസ് ഡോണ്‍ മാത്യുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പേരിൽ വഞ്ചനാകുറ്റം ചുമത്തി കേസെടുത്ത് ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.