ഇസ്ലാമാബാദ്: പാക് നാടകനടിയെ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം. കൊലപാതകികളെ തിരിച്ചറിഞ്ഞെ പോലീസ് വ്യക്തമാക്കി. സ്വകാര്യചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച പാക് നാടകനടിയെ മൂന്നംഗ അക്രമിസംഘം വെടിവച്ചുകൊല്ലുകയായിരുന്നു.
സുംബുൾ ഖാൻ(25) എന്ന പത്താൻ നടിയാണ് ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് നടിയുടെ വീട്ടിൽ അതിക്രമിച്ചുകടന്ന മൂന്നംഗ സംഘം തങ്ങളുടെ പരിപാടിക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു. നടി ഇത് നിരസിച്ചതിനെ തുടർന്ന് അക്രമികൾ വെടിയുർത്തശേഷം കടന്നുകളഞ്ഞു. നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴ്പ്പെട്ടു.
പത്താൻ ഗായിക ഗസാല ജാവേദിനെയും പിതാവിനെയും കൊലപ്പെടുത്തിയ കുറ്റത്തിനു വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ച ജഹാംഗീർ ആണ് അക്രമികളിൽ ഒരാളെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഗസാലയുടെ മുൻ ഭർത്താവാണ് ജഹാംഗീർ. ഗസാലയുടെ കുടുംബവുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയതിനെത്തുടർന്ന് ഇയാളെ ലാഹോർ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.