നാദാപുരം: ഇരിങ്ങണ്ണൂരില്‍ ബൈക്ക് ഹോണടിച്ചില്ലെന്ന് ആരോപിച്ച് സൈനികനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റ സംഭവത്തിൽ 15 പേർക്കെതിരെ നാദാപുരം പോലീസ് വധശ്രമത്തിന് കേസെടുത്തു.ചൊക്ലി അണിയാറ സ്വദേശിയും സൈനികനുമായ കല്ലനാണ്ടിയില് രാഹുല്‍ (25), കായപ്പനിച്ചി സ്വദേശികളായ പളളിയില്‍ താഴകുനി ശിവപ്രകാശ് (19) തച്ചറക്കല്‍ അക്ഷയ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരിങ്ങണ്ണുര്‍ എടച്ചേരി റോഡിലെ കൈരളി ബസ് സ്റ്റോപ്പിന് സമീപത്തെ പുതിയോട്ടില്‍ ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച് ബൈക്ക് ഹോണടിച്ചില്ലെന്നാരോപിച്ച് ക്ഷേത്ര കവാടത്തിന് മുമ്പില്‍വച്ച് ഒരു സംഘം ഇരുമ്പ് വടി കൊണ്ടും മറ്റും മര്‍ദിക്കുകയായിരുന്നു.
തലക്കും കൈക്കും സാരമായി പരിക്കേറ്റ രാഹുലിനെയും മുതുകിന് പരിക്കേറ്റ ശിവപ്രകാശിനെയും, കാലിന് പരിക്കേറ്റ അക്ഷയിനെയും നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്കിയ ശേഷം തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുല്‍ ആര്‍മിയില്‍ ചേര്‍ന്ന് ലീവിന് കഴിഞ്ഞ മാസം 29നാണ് നാട്ടിലെത്തിയത്. ആസാമിലെ സില്‍ച്ചാറില്‍ ഇന്സെന്ററി സോള്ജിയറായ ഇദ്ദേഹം 36 ദിവസത്തെ അവധിക്കാണ് നാട്ടിലെത്തിയത്.