ഭാര്യയേയും മകളെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ 52 കാരന്‍ തിരികെ ജയിലിലേക്ക് പോകണമെന്ന ആവശ്യവുമായി കളക്ടര്‍ക്ക് കത്ത് നല്‍കി. ഉത്തരാഖണ്ഡിലെ ബസ്റ്റഡി നിവാസിയായ പുഷ്‌കര്‍ ദത്ത് ഭട്ടാണ് വിചിത്രമായ ആവശ്യവുമായി ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയത്. ഭാര്യയെയും കുട്ടിയെയും വൈരാഗ്യത്തിന്റെ പേരില്‍ കൊന്ന കേസില്‍ 20 വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് 2017 ആഗസ്റ്റിലാണ് പുഷ്‌കര്‍ ജയില്‍ മോചിതനാകുന്നത്. ആറ് മാസത്തോളം അവിടെ താമസിച്ച പുഷ്‌കറിന് തനിക്കിനി ഇവിടെ ജീവിതം സാധ്യമാവുകയില്ലെന്ന് മനസിലാവുകയായിരുന്നു. പിന്നീടാണ് തന്നെ തിരിച്ച് ജയിലില്‍ സ്വീകരിക്കണമെന്ന് കാണിച്ച്, പുഷ്‌കര്‍ അധികാരികള്‍ക്ക് കത്ത് നല്‍കിയത്.
ജയില്‍ശിക്ഷയ്ക്കുശേഷം തിരിച്ച് ഗ്രാമത്തിലെത്തിയപ്പോള്‍ ഗ്രാമം അനാഥമായിരുന്നു. 2016 ലെ വെള്ളപ്പൊക്കത്തില്‍ പുഷ്‌കറിന്റെ ഗ്രാമം പൂര്‍ണ്ണമായും ഇല്ലാതായി. നിരവധിപേര്‍ മരിക്കുകയും വീടുകള്‍ തകരുകയും ചെയ്തു. വൈദ്യുതിയും ഇല്ലാതായി. വന്യമൃഗത്തിന്റെ ആക്രമണവും ഇവിടെ കൂടുതലാണ്. ഗ്രാമം പ്രേതാലയമായിരിക്കുന്നു. ജയിലില്‍ പരസ്പരം സംസാരിക്കാന്‍ ആള്‍ക്കാരുണ്ടാകും, ഇതുപോലെ അനാഥമായിരിക്കില്ല. അതിനാല്‍ തന്നെ ജയിലിലേക്ക് തിരിച്ചയക്കണമെന്നാണ് ഭട്ട് കളക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നത്. ഉദ്ദം സിംഗ് നഗറിലെ സീതര്‍ഗഞ്ച് ജയിലിലേക്ക് തന്നെ തിരിച്ചയക്കണമെന്നാണ് ഭട്ടിന്റെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് അധികൃതര്‍ക്ക് ജയിലില്‍ ആയിരിക്കുന്ന സമയത്തും കത്ത് നല്‍കിയിരുന്നെന്നും ഇയാള്‍ പറയുന്നു.