കൊച്ചി: മലയാള സിനിമയിലെ പിന്നണി ഗായകർക്കായി പുതിയ സംഘടനയായി. സിംഗേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ് (സമം) എന്നപേരിൽ കൊച്ചി കേന്ദ്രീകരിച്ചാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.
കെ.ജെ. യേശുദാസ് ഉപദേശക സമിതി ചെയർമാനായുള്ള സംഘടനയുടെ പ്രസിഡന്റ് സുദീപ് കുമാറും സെക്രട്ടറി രവി ശങ്കറുമാണ്. വിജയ് യേശുദാസ്, രാജലക്ഷ്മി (വൈസ്പ്രസിഡന്റുമാർ), ദേവാനന്ദ്, സിത്താര (ജോയിന്റ് സെക്രട്ടറിമാർ), അനൂപ് ശങ്കർ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മധു ബാലകൃഷ്ണൻ, ബിജു നാരായണൻ എന്നിവരുൾപ്പെട്ട 23 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പി. ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, ചിത്ര, ഉണ്ണിമേനോൻ, സുജാത തുടങ്ങിയവർ ഉപദേശക സമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
ചുരങ്ങിയത് അഞ്ചു മലയാള സിനിമയിൽ പാടിയിട്ടുള്ളവർക്കാണ് സംഘടനയിൽ അംഗത്വം നൽകുന്നത്. ഐഎംഎ ഹാളിൽ ഇന്നലെ ചേർന്ന സംഘടന രൂപീകരണ യോഗത്തിൽ 75 ഓളം ഗായകർ പങ്കെടുത്തു. ഇവർക്കെല്ലാം അംഗത്വവും നൽകി. കെ.ജെ. യേശുദാസിനാണ് ആദ്യ അംഗത്വം നൽകിയത്.
ഗായകരുടെ ക്ഷേമം പ്രഥമ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് നിലവിൽ സിനിമ മേഖലയിലെ മറ്റ് തൊഴിലാളി യൂണിയനുകളുമായി അഫിലിയേഷനില്ലെന്നും അവശ്യമെങ്കിൽ പിന്നീട് അതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും പ്രസിഡന്റ് സുദീപ് കുമാർ പറഞ്ഞു.