കുമരകം: പതിനെട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച ഇരട്ടക്കുട്ടികളെ കണ്ടു കൊതിതീരുംമുന്പ് അമ്മ ലോകത്തോടു യാത്ര പറഞ്ഞു. കുമരകം പാണ്ടൻബസാറിനു സമീപം പറത്തറ ശിശുപാലന്റെ ഭാര്യ ഷീബ(42) ആണ് ഇരട്ടപ്പെൺ മക്കൾക്ക് ജന്മംനൽകിയതിന്റെ അഞ്ചാംനാൾ യാത്രയായത്. രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് ഷീബ മരിച്ചത്.
വ്യാഴാഴ്ച ജനിച്ച കുട്ടികൾ ഇങ്കുബേറ്ററിൽ നിരീക്ഷണത്തിലായിരുന്നു. ഉച്ചയോടെ മൂവരെയും ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിരിക്കെ ഷീബയ്ക്കു തലചുറ്റൽ അനുഭവപ്പെട്ടു. രക്തസമ്മർദം കുറഞ്ഞതായി കണ്ടെത്തിയതിനെ തുടർന്ന് രക്തം നൽകാൻ തുടങ്ങിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുമരകം മാർക്കറ്റിൽ വർഷങ്ങളായി പച്ചക്കറി വ്യാപാരം നടത്തുന്ന ശിശുപാലനും ഭാര്യയും വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതും ഇരട്ടക്കുട്ടികൾ ജനിച്ചതും. മള്ളുശേരി പാറയ്ക്കൽ കുടുംബാംഗമാണ് ഷീബ. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. കുട്ടികൾ ആശുപത്രിയിൽ തുടരുകയാണ്.