അമേരിക്കൻ സ്വദേശിയാണ് റോട് വീലർ. വളർത്തുനായ്ക്കളിൽ ഏറ്റവും ആക്രമണ സ്വഭാവമുള്ള ഈയിനം നായ്ക്കൾ ഉടമകളോട് പോലും എളുപ്പത്തിൽ ഇണങ്ങാറില്ല. ആക്രമണത്തിൽ മുന്നിൽ നിൽക്കുന്ന വളർത്തുനായയെ പരിപാലിക്കുന്നതും പ്രയാസമേറിയ കാര്യമാണ്.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ആവഡിയിലും മലയാളി വീട്ടമ്മ റോട് വീലറിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അക്രമോൽസുകത ഏറെയുള്ള വളർത്തുനായയ റോട് വീലർ അന്യരെ പ്രകോപനമില്ലാതെ ആക്രമിക്കുന്ന സ്വഭാവമുണ്ട്. ഒരാളെ മാത്രം അനുസരിച്ചു ജീവിക്കുന്ന നായ്ക്കളുടെ ഇനത്തിൽപ്പെട്ടതാണ് റോട് വീലർ. പ്രകോപനമില്ലാതെ കടിക്കുന്ന ഇവയുടെ കടിയുടെ ശക്തിയും കൂടുതലാണ്.
കൂട്ടിലടച്ചു വളർത്തുന്നവയ്ക്കു ശൗര്യം കൂടും. അക്രമസ്വഭാവമുള്ളവയിൽ നിന്നു ജനിച്ചവയും ആ സ്വഭാവം കാണിക്കും. ഇവയെ വളർത്തുന്നതിന് റുമേനിയ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിയന്ത്രണങ്ങളുണ്ട്.
ഭയന്ന് വിറച്ച് വൈത്തിരി ഗ്രാമം
വൈത്തിരി: വളർത്തുനായയുടെ ആക്രമണത്തിൽ രാജമ്മ മരിച്ച സംഭവത്തിൽ ഭയന്ന് വിറച്ച് വൈത്തിരി ഗ്രാമം. ഇന്നലെയാണ് നാടിനെ നടുക്കി വളർത്തുനായ്ക്കൾ തൊഴിലാളി സ്ത്രീയായ രാജമ്മയെ കടിച്ചുകൊന്നത്. വളർത്തുനായ്ക്കളിൽ ശൗര്യം കൂടിയ റോട് വീലർ ഇനത്തിൽപ്പെട്ട നായകളാണ് തൊഴിലാളി സ്ത്രീയെ അക്രമിച്ചത്. വൈത്തിരി ചാരിറ്റി അംബേദ്കർ കോളനിയിലെ പരേതനായ ബെൽരാജിന്റെ ഭാര്യ രാജമ്മയാണ് (65) വളർത്തു നായ്ക്കളുടെ ക്രൂരമായ ആക്രമത്തിന് ഇരയായി ഇന്നലെ മരണത്തിന് കീഴടങ്ങിയത്.
എസ്ഐ അഷ്റഫിന്റെ നേതൃത്വത്തിൽ പോലീസ് മെഡിക്കൽ കോളജിലെത്തി ഇൻക്വസ്റ്റ് നടത്തിയ രാജമ്മയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി. ഇന്ന് ഉച്ചക്ക് ശേഷം വൈത്തിരി പൊതു ശ്മശാനത്തിൽ സംസ്കരിക്കും.
തൊഴിലുറപ്പു ജോലിക്കാരിയായ രാജമ്മ ജോലിക്കാര്യം സംസാരിക്കാൻ വേണ്ടി ഗേറ്റു തുറന്ന ഉടനെ അടുത്ത വീട്ടിലെ നായകൾ രാജമ്മയെയും കടിച്ചെടുത്തു ഓടുകയായിരുന്നു. ഒരു കൈ മുഴുവനായും മറ്റേ കൈ ഭാഗികമായും തലയുടെ ഒരു ഭാഗവും നായ്ക്കൾ കടിച്ചു പറിച്ചു. കാരിക്കാൽ ജോസിന്റെ വീട്ടുവളപ്പിലാണ് റോട് വീലർ ഇനത്തിൽപ്പെട്ട രണ്ടു നായ്ക്കൾ രാജമ്മയെ ആക്രമിച്ചത്. ചോര വാർന്നു അബോധാവസ്ഥയിലായ രാജമ്മയെ വാർഡ് മെന്പർ ബഷീർ പൂക്കോടനാണ് വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചകഴിഞ്ഞതോടെ രാജമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു. വൈത്തിരി പോലീസ് അറിയിച്ചതനുസരിച്ചു താമരശേരി, കൊടുവള്ളി, കുന്നമംഗലം എന്നീ സ്റ്റേഷനുകളിലെ പോലീസ് രാജമ്മയെയും കൊണ്ട് ആംബുലൻസ് കടന്നു പോകുന്നതിനു വഴിയൊരുക്കിയിരുന്നു. തമിഴ്നാട് തേനി സ്വദേശിയാണ് രാജമ്മ. മക്കൾ: സാമുവൽ, ബേബി, നാന, ജ്ഞാനസുന്ദരി. ജോസിനെതിരെ ബോധപൂർവമല്ലാത്ത നരഹത്യക്ക് വൈത്തിരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.