ആര്‍ത്തവമെന്നത് അശ്ലീലമല്ല, ഏതൊരു ദിവസവും പോലെ അത് കടന്നുപോകും! ദീപിക പദുക്കോണ്‍ നല്‍കിയ ചലഞ്ച് ഏറ്റെടുത്ത്, റാക്കറ്റിന് പകരം കൈയില്‍ സാനിറ്ററി പാഡ് പിടിച്ച് പി വി സിന്ധു

ഇന്ത്യയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന പാഡ്മാന്‍ ചലഞ്ചില്‍ പങ്കെടുത്ത് ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും. സ്ത്രീകളിലെ ആര്‍ത്തവം ഒരു അശ്ലീലമല്ലെന്ന് പരസ്യമായി പറയുകയാണ് കോടിക്കണക്കിന് ആരാധകരുളള പി.വി സിന്ധു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന സാനിറ്ററി പാഡ് കൈയ്യില്‍ പിടിച്ചുകൊണ്ടുളള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് പി.വി സിന്ധു ഇങ്ങനെ കുറിക്കുകയും ചെയ്തു.

‘ആര്‍ത്തവമെന്നത് അശ്ലീലമല്ല, ഏതൊരു ദിവസവും പോലെ അത് കടന്ന് പോകും’. ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണ്‍ നല്‍കിയ ചലഞ്ചാണ് പി.വി സിന്ധു ഏറ്റെടുത്തത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍,അമീര്‍ ഖാന്‍, പിന്നാലെ ദീപിക പദുക്കോണ്‍, കരണ്‍ ജോഹര്‍, ആലിയ ഭട്ട്, അനില്‍ കപൂര്‍ തുടങ്ങിയവര്‍ ഇതിനോടകം പാഡ്മാന്‍ ചലഞ്ചില്‍ ഭാഗമായിക്കഴിഞ്ഞു. അക്ഷയ്കുമാര്‍ നായകനാകുന്ന പാഡ്മാന്‍ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥമാണ് പാഡ്മാന്‍ ചലഞ്ച് നടക്കുന്നത്.

ഇന്ത്യന്‍ പാഡ് മാന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അരുണാചലം മുരുകാനന്ദം എന്ന മനുഷ്യന്റെ കഥപറയുന്ന ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ അദ്ദേഹം തന്നെയാണ് വ്യത്യസ്തമായ ഒരു ചലഞ്ചുമായി രംഗത്തെത്തിയത്. അക്ഷയ് കുമാര്‍, ട്വിങ്കിള്‍ഖന്ന, രാധിക ആപ്‌തേ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് അരുണാചലം പാഡ്മാന്‍ ചലഞ്ചിന് തുടക്കമിട്ടത്. കൈയില്‍ സാനിട്ടറിപാഡ് പിടിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയിതുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെ ” അതെ എന്റെ കൈയിലുള്ളത് ഒരു പാഡാണ് അതില്‍ അപമാനം തോന്നേണ്ട കാര്യമില്ല. ആര്‍ത്തവം സ്വാഭാവികമായ ഒരു പ്രക്രിയയാണ്.”

Related posts