തെന്നിന്ത്യന്‍ നടി ശ്രേയ ശരണ്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ശ്രേയ കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോകുന്നതിനായി ആഭരണങ്ങളും വസ്ത്രങ്ങളും ഓര്‍ഡര്‍ ചെയ്തിരുന്നു. ഇതാണ് വിവാഹം സംബന്ധിച്ച കിംവദന്തികള്‍ക്ക് തുടക്കം കുറിച്ചതെന്ന് ശ്രേയയുടെ മാതാവ് പറഞ്ഞു. തെലുങ്കില്‍ ഗായത്രിയാണ് ശ്രേയയുടെ പുറത്തുവരാനുള്ള ചിത്രം. നേരത്തെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റര്‍ ഡ്വെയ്ന്‍ ബ്രാവോയുമായി നടി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
കാര്‍ത്തിക്ക് നരേന്റെ തമിഴ് ചിത്രം നരകാസുരനിലും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ശ്രേയ അഭനയിക്കുന്നുണ്ട്. ഡെഹ്റാഡൂണ്‍ സ്വദേശിയായ ശ്രേയ റഷ്യന്‍ കാമുകനെ വിവാഹം കഴിക്കുന്നു എന്ന് മാത്രമായിരുന്നു വാര്‍ത്തകളിലുണ്ടായിരുന്നത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ല. ശ്രേയ വിവാഹിതയാകുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കാട്ടുതീപോലെയാണ് പടര്‍ന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ശ്രേയയുടെ കുടുംബം പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായി നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള താരമാണ് ശ്രേയ. പോക്കിരിരാജ, കാസനോവ തുടങ്ങിയവയാണ് ശ്രേയയുടെ മലയാള ചിത്രങ്ങള്‍. മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ നായികയായി എത്തിയത് ശ്രേയയായിരുന്നു.