ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന എക്സ് റേ പ്രവർത്തനരഹിതമായിട്ടു ഒരാഴ്ച പിന്നിടുന്നു. മെഷീന്റെ പ്രിന്ററിന് തകരാർ ഉണ്ടായതാണു പ്രവർത്തനരഹിതമാകാൻ കാരണം. മെഷീൻ തകരാറിലായതോടെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് എക്സ്റേ ആവശ്യമായി വരുന്പോൾ, ദൂരെ സ്ഥിതിചെയ്യുന്ന എക്സ്റേ ഡിപ്പാർട്ട്മെന്റിൽ കൊണ്ടുപോയി എക്സ്റേ എടുക്കേണ്ട സാഹചര്യമാണ്.
എക്സ്റേ ഡിപ്പാട്ട്മെന്റ് ഒപി വിഭാഗത്തിൽ എത്തുന്ന രോഗികൾക്കും, വാർഡിൽ കഴിയുന്ന രോഗികൾക്കും എക്സ്റേ എടുക്കുന്നതിനു വേണ്ടിയുള്ളതാണ്. അത്യാഹിത വിഭാഗത്തിലെ എക്സ്റേ മെഷീൻ തകരാറിലായതോടെ ഇവിടെ എത്തുന്ന രോഗികളും എക്സ്റേ ഡിപ്പാട്ട്മെന്റിലേക്കു എത്തുന്നതു മറ്റു രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണു ഉണ്ടാക്കുന്നത്. അത്യാഹിത വിഭാഗത്തിൽ നിന്ന് വളരെ ദൂരെ മാറിയാണ് എക്സ്റേ ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നത്.
വിവിധ തരത്തിലുള്ള അപകടങ്ങളിൽപ്പെട്ടും, ശ്വാസകോശ സംബന്ധമായ രോഗങ്ങളാലുമൊക്കെ അത്യാഹിത വിഭാഗത്തിലെത്തിയാൽ വിദഗ്ധ ചികിൽസ ആരംഭിക്കുന്നതിന് മുന്പായി പ്രഥമ പരിശോധനയെന്ന നിലയിൽ എക്സ്റേ വളരെ അത്യാവശ്യമാണ്. ഇത്തരത്തിൽ വളരെ അത്യാവശ്യമായ എക്സ് റേ മെഷീൻ വാങ്ങാൻ കരാർ ക്ഷണിക്കുന്പോൾ വളരെ ചെറിയ തുകയ്ക്കുള്ള കരാർ ഉടന്പടി ചെയ്യുന്നതാണ് മെഷീൻ ഇടയ്ക്കിടെ തകരാറിലാകാൻ കാരണമെന്ന് റേഡിയോളജിസ്റ്റുകൾ പറയുന്നു.
24 മണിക്കൂറും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതിനായി അത്യാഹിത വിഭാഗത്തിൽ സ്ഥാപിക്കുന്ന മെഷീൻ ഗുണനിലവാരം കൂടിയതാണെന്ന് ഉറപ്പ് വരുത്താൻ അധികൃതർക്ക് കഴിയണം. സാധാരണയായി ഏറ്റവും വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ മെഷീനാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ഒന്നര വർഷം മുന്പ് എഴു ലക്ഷം രൂപ മുടക്കി സ്ഥാപിച്ച മെഷീനാണ് ഇപ്പോൾ തകരാറിലായിരിക്കുന്നത്.
അതിനാൽ ഉയർന്ന വിലയും ഗുണനിലവാരവുമുള്ള മെഷീനുകൾ സ്ഥാപിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് റേഡിയോജിസ്റ്റുകൾ പറയുന്നത്. എന്നാൽ അത്യാഹിത വിഭാഗത്തിലെ എക്സ്റേ മെഷീന്റെ തകരാർ പരിഹരിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം മെഷീൻ സ്ഥാപിച്ച കന്പനിയുടെ ടെക്നീഷ്യൻമാരെത്തി തകരാർ പരിഹരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.