തിരുവനന്തപുരം: ഐഎംഒയുടെ ജൈവ മാലിന്യ പ്ലാന്റ് പാലോട് തന്നെ വേണമെന്ന് സർക്കാരിന് പിടിവാശിയൊന്നും ഇല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. നിയമസഭയിൽ ഭരണകക്ഷി അംഗം വി.കെ.മുരളിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മാലിന്യ പ്ലാന്റിന് അനുയോജ്യമായ സ്ഥലം വേറെയുണ്ടെങ്കിൽ പരിഗണിക്കാം. മാലിന്യ പ്ലാന്റില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പാലോട് മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ആദിവാസി സെറ്റിമെന്റ് ആണെന്നും സർക്കാർ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നുമാണ് വി.കെ.മുരളി ആവശ്യപ്പെട്ടത്.
വളരെയധികം പാരിസ്ഥിതിക പ്രാധാന്യം നിറഞ്ഞ സ്ഥലമാണിത്. പ്രദേശത്തെ ജനങ്ങൾ വലിയ ആശങ്കയുണ്ടെന്നും എംഎൽഎ വാദിച്ചു.ഭരണകക്ഷി എംഎൽഎയുടെ വാദങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിന്തുണച്ചു. താൻ സ്ഥലം സന്ദർശിച്ചതാണെന്നും പ്രദേശത്തെ ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.