തൃശൂർ: ദളിത് യുവതിയെ വിട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം ചെയ്തുവെന്ന കേസിൽ പ്രതിക്കു പത്തുവർഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ. ആളൂർ വെള്ളാഞ്ചിറ മണിപ്പറന്പിൽ വീട്ടിൽ ജിൻസനെയാണ് തൃശൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് എ. ബദറുദ്ദീൻ ശിക്ഷിച്ചത്.
2011ലാണ് കേസിനാസ്പദമായ സംഭവം. ആളില്ലാത്ത സമയം നോക്കി വിട്ടിലെത്തി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. ബലാൽസംഗക്കുറ്റത്തിന് ഏഴുവർഷം കഠിനതടവും 75,000 രൂപ പിഴയും, വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിനു മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്.
ഇതിൽ 50,000 രൂപ ഇരയ്ക്കു നൽകണമെന്നു കോടതി ഉത്തരവിട്ടു. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.