പയ്യന്നൂര്‍: പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പെരുങ്കളിയാട്ടം ആരംഭിച്ച തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ നടന്ന തോറ്റങ്ങള്‍ക്ക് ശേഷം വിശ്വാസികളുടെ മനസില്‍ കുളിര്‍മഴ പെയ്യിച്ച് ഇന്ന് പുലര്‍ച്ചെ മുതല്‍ തെയ്യങ്ങളുടെ കാല്ചിലമ്പൊലിയുണര്ന്നു.
പുലര്‍ച്ചെ രണ്ടിന് പുലിയൂര് കണ്ണന് ദൈവത്തിന്റെ പുറപ്പാടോടെയാണ് തെയ്യങ്ങളുടെ രംഗപ്രവേശം. തുടര്‍ന്ന് കണ്ണങ്ങാട്ട് ഭഗവതി വിഷ്ണുമൂര്‍ത്തി,മടയില്‍ ചാമുണ്ഡി,കുണ്ടോറ ചാമുണ്ടി എന്നീ തെയ്യക്കോലങ്ങളും അരങ്ങിലെത്തി. 11.30 മുതല്‍ അന്ന പ്രസാദം ആരംഭിച്ചു.
ഉച്ചക്കഴിഞ്ഞ് മൂന്നിന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം, വൈകുന്നേരം ആറ് മുതല്‍ അന്ന പ്രസാദം, 5.30ന് പുലിയൂര് കണ്ണന് ദൈവത്തിന്റെ വെള്ളാട്ടം, ഏഴിന് വിഷ്ണു മൂര്‍ത്തി, രക്തചാമുണ്ഡി, മടയില്‍ ചാമുണ്ഡി തോറ്റങ്ങള്‍, രാത്രി 10 ന് മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം, അരങ്ങിലടിയന്തിരം, നെയ്യാട്ടം, 11 ന് കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര് കാളി, പ്രമാഞ്ചേരി ഭഗവതി എന്നീ തെയ്യക്കോലങ്ങളുടെ തോറ്റം, മോന്തിക്കോലം എന്നിവ നടക്കും.
വൈകുന്നേരം ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്മാന് ശശി വട്ടക്കൊവ്വല്‍, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവര്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് തൃശൂര്‍ മയൂരയുടെ മെഗാഷോയില്‍ ക്ലാസിക്കല്‍ ഡാന്‍സ്, ഗാനമേള, ഫ്യൂഷന്‍ ഡാന്‍സ്, അനീഷ് – അനുജോസഫ് ടീമിന്റെ കോമഡിസ്കിറ്റ് എന്നിവ അവതരിപ്പിക്കും.
പെരുങ്കളിയാട്ടം ചടങ്ങുകൾ ഇനി വിരൽ തുമ്പിലും
പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട ചടങ്ങുകൾ തത്സമയം ജനങ്ങളിലെത്തിക്കുന്നതിനായി മൊബൈൽ ആപ് ഒരുങ്ങി. thayinerimuchit എന്ന് play Store ൽ നിന്നും ഡൗൺലോഡ് ചെയ്ത് ലോകത്തിന്റെ ഏത് കോണിലിരുന്നും പെരുങ്കളിയാട്ട ചടങ്ങുകൾ കാണാം. കൂടാതെ തായിനേരി മുച്ചിലോടിന്റെ ഫെയ്സ് ബുക്ക് പേജിലും www.thayineri muchilot.com എന്ന വെബ് സൈറ്റിലും തത്സമയ വീഡിയോ ലഭിക്കും. മാട്ടൂൽ സെൻട്രൽ സ്കൂൾ അധ്യാപകനും പെരുങ്കളിയാട്ടം സോഷ്യൽ മീഡിയ കമ്മറ്റി ചെയർമാനുമായ ടി.പി. ഷാജിയാണ് മൊബൈൽ ആപ് തയാറാക്കിയത്. സബ് ജില്ല, ജില്ല സ്കൂൾ കലോത്സവ വാർത്തകൾക്കായി ഷാജി തയ്യാറാക്കിയ മൊബൈൽ ആപ് ഏറെ ശ്രദ്ധേയമായിരുന്നു.