ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയെ കാണാന്‍ ഷാര്‍ജ വിമാനത്താവളത്തിന്റെ മതില്‍ ചാടിയ മലയാളി വേരുള്ള യുവാവ് പിടിയില്‍; എന്റെ സ്‌നേഹം കാണിക്കാന്‍ ചെയ്ത കാര്യത്തില്‍ തെറ്റില്ലെന്ന് യുവാവ്

പ്രതിശ്രുത വധുവിനെ കാണാന്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നുഴഞ്ഞു കയറിയ ഇന്ത്യാക്കാരന്‍ പിടിയില്‍. വിമാനത്താവളത്തിന്റെ മതില്‍ ചാടികടന്ന് റണ്‍വെയിലുണ്ടായ വിമാനത്തില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. 26-കാരനായ ഈ ഇന്ത്യന്‍ സിവില്‍ എഞ്ചിനീയറെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ മലയാളി വേരുകളുള്ള മുംബൈക്കാരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തന്റെ നടപടിയില്‍ ഒട്ടും ഖേദമില്ലെന്നും സ്‌നേഹപ്രകടനത്തിന്റെ ഭാഗമാണെന്നും യുവാവ് അധികൃതരോട് വ്യക്തമാക്കി.

നാട്ടിലേക്ക് തിരിക്കുകയായിരുന്ന പ്രതിശ്രുത വധുവിനെയാണ് സാഹസത്തിലൂടെ എഞ്ചനീയര്‍ കാണാനെത്തിയത്. ലഗ്ഗേജ് കയറ്റിറക്ക് തൊഴിലാളിയാണെന്ന് പറഞ്ഞാണ് ഇയാള്‍ വിമാനത്തിനടുത്തെത്തിയത്. പാസ്‌പോര്‍ട്ട് തൊഴിലുടമയുടെ അടുത്താണെന്നും പോലീസിനോട് പറഞ്ഞു. പ്രതിശ്രുതവധുവും എഞ്ചിനീയറും യുഎഇയിലായിരുന്നെങ്കിലും ഇരുവര്‍ക്കും പരസ്പരം കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. പ്രതിശ്രുത വധുവിനൊപ്പം നാട്ടിലേക്ക് തിരിക്കാന്‍ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ജോലി ചെയ്യുന്ന സ്ഥാപനത്തോട് നിരവധി തവണ അനുമതി തേടിയെങ്കിലും ലീവ് നല്‍കിയിരുന്നില്ല.

ഇതോടെയാണ് യുവാവ് സാഹസത്തിന് തയ്യാറായത്. അതേ സമയം ഇരുവരും തമ്മിലുള്ള വിവാഹത്തിന് യുവാവിന്റെ വീട്ടുകാര്‍ക്ക് താത്പര്യമില്ലെന്നും ഇയാള്‍ സൂചിപ്പിച്ചു. ഇതേ തുടര്‍ന്നാണ് തന്നെ നാട്ടിലേക്ക് വിടാതെ തടഞ്ഞുവെച്ചിരിക്കുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എഞ്ചിനീയര്‍ പറയുന്നത്.

Related posts