തിരുവനന്തപുരം: കറുത്ത സ്റ്റിക്കർ പതിക്കുന്ന വീടുകളിൽനിന്നു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന പ്രചാരണം കെട്ടുകഥയാണെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു.
ഒരു മാസമായി കൊച്ചു കുട്ടികളുള്ള വീടുകളിൽ സ്റ്റിക്കർ പതിച്ച് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തെ പോലീസ് ഒരു കെട്ടുകഥയായി ചിത്രീകരിക്കുന്നുണ്ടെങ്കിലും അതു ശരിയല്ലെന്ന് പരാതിയിൽ പറയുന്നു. ഇതിനു പിന്നിലുള്ളവരുടെ ഗൂഢലക്ഷ്യം മനസിലാക്കി നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.