അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എക്സ്റേ ഫിലിം തീർന്നതിനെ തുടർന്ന് പ്രതിഷേധം. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു പ്രതിഷേധം.ഇന്നലെ രാവിലെ മുതൽ എക്സ്റേയ്ക്കെത്തുന്നവരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കു വിടുകയായിരുന്നു. സാധാരണ എക്സ്റേയുടെയും, ഡിജിറ്റൽ എക്സ്റേയുടെയും പ്രവർത്തനം നിലച്ചതോടെ നൂറുകണക്കിനു രോഗികളാണ് വലഞ്ഞത്.
ഉടൻ ഫിലിം വരുമെന്നു അധികൃതർ പറഞ്ഞെങ്കിലും രാത്രിയായിട്ടും എത്താത്തതിനെ തുടർന്നാണ് പ്രതിഷേധം നടത്തിയത്. ആർഎംഒ ഡോ. നോനാം ചെല്ലപ്പൻ, അന്പലപ്പുഴ എസ്ഐ പ്രജീഷ് കുമാർ എന്നിവർ സ്ഥലത്തെത്തി ഉപരോധക്കാരുമായി ചർച്ച നടത്തി.
താത്കാലികമായി ഫിലിം ഉടൻ വാങ്ങാമെന്ന ഉറപ്പു നല്കിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു. അന്പലപ്പുഴ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എസ്. പ്രഭുകുമാർ, ജില്ലാ പഞ്ചായത്ത് മെന്പർ എ.ആർ. കണ്ണൻ, ബ്ലോക്ക് മെന്പർ യു.എം. കബീർ, ഗ്രാമപഞ്ചായത്തംഗം എൻ. ഷിനോയി, പി. പ്രസാദ്, നിസാർ വെള്ളാപ്പള്ളി, പി. ദിൽജിത്, ഷാജി നാല്പതിൽ, മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.