ചാലക്കുടി: കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ പോലീസ് പിടിയിലായി. കൊന്പടിഞ്ഞാമാക്കൽ കേന്ദ്രീകരിച്ച് കെട്ടിടം പണി ചെയ്തുവരുന്ന ആസാം ദിബ്രുഗ്രാ സ്വദേശി സജൻ ലാമ (27), രാജ് ലാമ(24) എന്നിവരെയാണ് എസ്ഐ ജയേഷ് ബാലൻ അറസ്റ്റു ചെയ്തത്.രാത്രി പോലീസ് പട്രോളിംഗിനിടയിലാണ് ഇവരെ പിടികൂടിയത്. രാത്രി ഒന്പതോടെ പോലീസ് ജീപ്പ് കണ്ട് രണ്ടുപേർ ഇരുട്ടിലേക്ക് ഓടുന്നതുകണ്ട എസ്ഐ യും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പരിസരത്ത് ഇരുട്ടിൽ മറഞ്ഞുനിന്ന ഇവർ പിന്നീട് കെ എസ്ആർടിസി പരിസരത്ത് നിന്നും ഓട്ടോയിൽ കയറി പോകാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും അരക്കിലോയോളം കഞ്ചാവു പിടിച്ചെടുത്തിട്ടുണ്ട്. അങ്കമാലിയിൽ ട്രെയിൻ ഇറങ്ങിയ ഇവർ അവിടെ താമസിക്കുന്ന ഉത്തരേന്ത്യക്കാരായ ഇവരുടെ സുഹൃത്തുക്കൾക്ക് കഞ്ചാവു വിറ്റശേഷം ചാലക്കുടിയിൽ എത്തിയതാണെന്നു പറയുന്നു.
ഓരോ തവണ നാട്ടിൽ നിന്നും വരുന്പോൾ രണ്ടു കിലോ യോളം കഞ്ചാവുമായിട്ടാണ് ഇവിടെ എത്താറ്. വടക്കേ ഇന്ത്യൻ തൊഴിലാളികൾക്കും ഇവരുടെ മലയാളി സുഹൃത്തുക്കൾക്കും കഞ്ചാവു വിൽക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇതുപോലെ നിരവധിപേർ കേരളത്തിലേക്കു കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്നാണ് ഇവരിൽ നിന്നും ലഭിച്ച വിവരം.
ഈയിടെയായി കേരളത്തിൽ ലഹരി മരുന്ന് സുലഭമായതിന്റെ പ്രധാന വാഹകർ ഉത്തരേന്ത്യൻ തൊഴിലാളികളാണെന്നു സിഐ ഹരിദാസ് പറഞ്ഞു. എസ്ഐ ഡേവിസ്, സിപിഒമാരായ രാജേഷ് ചന്ദ്രൻ, എം.എസ്. ഷിബു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.