വടക്കഞ്ചേരി: അനന്തുവിനും അനന്തയ്ക്കും വലിയ മോഹങ്ങളൊന്നുമില്ല, കാറ്റടിച്ചാൽ പാറിപറക്കാത്ത ചെറിയൊരു വീട്. അനന്തുവിന്റെ വൈകല്യമുള്ള കാലുകൾ ശരിയാകണം. സ്കൂൾ വിട്ടുവരുന്പോൾ പുസ്തകസഞ്ചി വയ്ക്കാനും പഠിക്കാനുമായി ചെറിയൊരു മേശയും ഇരിക്കാൻ എന്തെങ്കിലുമൊക്കെ വേണം. ഭക്ഷണം വേണം.
വടക്കഞ്ചേരി ടൗണിനുസമീപം ആര്യംകടവ് ചന്ദ്രൻ-ഗീത ദന്പതികളുടെ മക്കളാണ് എട്ടാംക്ലാസിൽ പഠിക്കുന്ന അനന്തുവും അഞ്ചാംക്ലാസിൽ പഠിക്കുന്ന അനന്തയും. സ്വന്തമായി വാഹനമുള്ളവരെയും ആർസി വീടുകളിലുള്ളവരെയും പിന്നേയും ഭവനനിർമാണപദ്ധതിയിൽ ഉൾപ്പെടുത്തി വികസനത്തെക്കുറിച്ച് വാചാലരാകുന്നവർ ഈ കുട്ടികളുടെ താമസസൗകര്യങ്ങൾ നേരിൽകണ്ട് വിലയിരുത്തണം. അത്രയും ദൈന്യസ്ഥിതിയാണ് ഇവരുടേത്.
മൂന്നു സെന്റ് സ്ഥലത്ത് മണ്ണ് ഇഷ്ടികകൊണ്ട് മറച്ച കുടിൽ. കന്പുകൾനാട്ടി തെങ്ങോലകൊണ്ടും പ്ലാസ്റ്റിക് കവറുകൾകൊണ്ടും മേഞ്ഞ മേൽക്കൂര. ഏതുസമയവും നിലംപൊത്താവുന്ന വീട്. മഴക്കാലത്ത് കുടിലിനുള്ളിൽ ചോരാത്ത സ്ഥലം എവിടെയമുണ്ടായിരുന്നില്ലെന്നു അനന്തു പറയുന്നു. ചോരുന്നിടത്ത് അമ്മ പ്ലാസ്റ്റിക് കവറുകൾ തിരുകിവയ്ക്കും. പക്ഷേ രാത്രിയിൽ എലി അതെല്ലാം കൊണ്ടുപോയി പിന്നേയും ചോർച്ചതന്നെ. വീട്ടിനുള്ളിൽ ഒരു കുടുംബത്തിന് അത്യാവശ്യം പെരുമാറാനുള്ള പാത്രങ്ങൾ പോലുമില്ല.
നല്ല കാറ്റടിക്കുന്പോൾ ഓലയില്ലാതെ ഈർക്കിൾ മാത്രമായി ശേഷിക്കുന്ന പട്ടകൾ പൊങ്ങി വീടിനുള്ളിലേക്ക് പൊടിയും പ്രാണികളും വീഴും. പഠനസൗകര്യങ്ങളോ നല്ല വസ്ത്രംപോലും ഇവർക്കില്ല.ക്ലാസിലെ കൂട്ടുകാർ പുതിയ മോഡൽ കാർ വാങ്ങുന്നതിനെക്കുറിച്ചും ഇരുനില വീടു മോടിപിടിപ്പിക്കുന്നതിനെക്കുറിച്ചുമെല്ലാം പറയുന്പോൾ അനന്തും അനന്തയും നിശബ്ദരാകും. തങ്ങളുടെ ജീവിത ചുറ്റുപാടുകൾ കൂട്ടുകാരെങ്കിലും കണ്ടിരുന്നുവെങ്കിലെന്ന് മനസിൽ ഓർത്തുപോകുന്ന നിമിഷങ്ങളാണ് അത്തരം സന്ദർഭങ്ങളെല്ലാം.
ഇവരുടെ അച്ഛൻ ചന്ദ്രൻ കോയന്പത്തൂരിൽ ഹോട്ടൽ തൊഴിലാളിയാണ്. വരുമാനമില്ലാത്തതിനാൽ വല്ലപ്പോഴും മാത്രമേ വീട്ടിൽ വരൂ. അമ്മ ഗീത കൂലിപ്പണിക്കുപോയി കിട്ടുന്ന വരുമാനംകൊണ്ടാണ് മകന്റെ ചികിത്സാചെലവുകളും ജീവിതചെലവിനും വഴി കണ്ടെത്തുന്നത്. ഇതിനിടെ ഗീതയ്ക്ക് എന്തെങ്കിലും അസുഖം പിടിപെട്ടാൽ എല്ലാം തകിടംമറിയും. 12 വയസുള്ള അനന്തുവിന്റെ രണ്ടുകാലിനും വൈകല്യമുണ്ട്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ചികിത്സയിൽ പുരോഗതിയുണ്ടെങ്കിലും ഇനി രണ്ട് ഓപ്പറേഷൻ കൂടി കഴിഞ്ഞാലേ അനന്തുവിന് ശരിയായി നടക്കാൻ കഴിയൂ. ഇതിനു പണംവേണം.
ആശുപത്രിക്കാരും ചികിത്സിക്കുന്ന ഡോക്ടറും ഏറെ സഹായിക്കുന്നുണ്ട്. എങ്കിലും രണ്ടുലക്ഷം രൂപയെങ്കിലും കണ്ടെത്തണം. കുറച്ചുകഴിയുന്പോൾ എല്ലാം ശരിയാകുമെന്നാണ് ചികിത്സയെക്കുറിച്ച് ചോദിച്ചപ്പോൾ അനന്തു പറയുന്നത്.പഠിക്കാൻ രണ്ടുപേർക്കും വലിയ ആഗ്രഹമുണ്ട്. പക്ഷേ, സ്കൂൾ വിട്ട് വീട്ടിലെത്തുന്പോൾ ഈ കുരുന്നുകളുടെ മനസ് തളരും. വീടിനായി അമ്മ ഗീത പലതവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഭാഗ്യം മാത്രം ഇവരിൽ കനിഞ്ഞിട്ടില്ല.