വടകര: പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി സ്ത്രീ ഉൾപെടെ സേലം സ്വദേശികളായ രണ്ടു പേർ പിടിയിൽ. സേലം കുങ്കുപ്പെട്ടി കുപ്പിനായകന്നൂർ സുരേഷ് കുമാർ (35), സേലം ചിന്നതിരുപ്പതി അഭിരാമി ഗാർഡനിൽ നിർമ്മല (35) എന്നിവരാണ് പിടിയിലായത്. സുരേഷ് കുമാറിനെ മുക്കത്തെ ലോഡ്ജിൽ നിന്നു നിർമലയെ സുരേഷ് കുമാർ നൽകിയ വിവരത്തെ തുടർന്ന് സേലത്തു നിന്നുമാണ് പിടികൂടിയതെന്ന് റൂറൽ എസ്പി വടകരയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുക്കം എസ്ഐ അഭിലാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കത്തെ സഫ ലോഡ്ജിൽ നിന്നാണ് സുരേഷ് കുമാറിനെ ക്രൈം സ്ക്വാഡ് പിടികൂടിയത്. അന്പതിനായിരം രൂപയുടെ കള്ളനോട്ടുകൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. സുരേഷിനെ ചോദ്യം ചെയ്തതിൽ നിന്ന് നിർമലയാണ് ഇയാൾക്ക് കള്ളനോട്ടുകൾ നൽകിയതെന്ന കാര്യം വ്യക്തമാവുകയായിരുന്നു.
തുടർന്ന് സേലത്തേക്കു പോയ പൊലീസ് സംഘം അവിടെവെച്ച് നിർമ്മലെയെയും പിടികൂടി. നിർമ്മലയിൽ നിന്നും ഒന്പതര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. 500 രൂപയുടെയും 2000 രൂപയുടേതുമാണ് പിടികൂടിയ കള്ളനോട്ടുകൾ.അതേസമയം അഡ്വക്കറ്റ് സ്റ്റിക്കർ ഒട്ടിച്ച കാറിൽ എത്തിയ ഒരാളാണ് തനിക്ക് കള്ളനോട്ടുകൾ നൽകിയതെന്ന് നിർമല പറഞ്ഞു. കള്ളനോട്ടകളുമായി മുന്പും നിർമ്മല പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
നിർമ്മലയുടെ മൊഴി പൂർണ്ണമായി വിശ്വാസത്തിലെടുത്തില്ലെന്നും കള്ളനോട്ടിന്റെ ഉറവിടത്തെ കുറിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും റൂറൽ എസ്.പിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത താമരശ്ശേരി ഡിവൈഎസ്പി പി.സി.രാജീവനും പറഞ്ഞു.മുക്കം എസ്ഐയുടെ നേതൃത്വത്തിൽ ക്രൈം സ്ക്വാഡ് എഎസ്ഐ രാജീവ് ബാബു, ഷിബിൽ ജോസഫ്, സുരേഷ്, സതീഷ് കുമാർ, ഡബ്ലു.സി.കെ.ജസി മാത്യു, ഹരിദാസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.