ഇയാളാണ് ‘ദി റിയല്‍ ഹീറോ’ !മധുരനാരങ്ങ വില്‍പന ചെന്നെത്തിയത് ഒരു സ്‌കൂള്‍ ആരംഭിക്കുന്നതില്‍; ഹരേക്കള ഹജ്ജബ്ബ സൂപ്പര്‍താരമാകുന്നത് ഇങ്ങനെ…

 

ഹരേക്കള ഹജ്ജബ്ബ എന്ന മനുഷ്യനെ ‘ദി റിയല്‍ ഹീറോ’ എന്നു തന്നെ വിശേഷിപ്പിക്കാം. ഓറഞ്ച് വില്‍പ്പനയിലൂടെ ഒരു നാടിനു മുഴുവന്‍ വെളിച്ചം പകര്‍ന്ന വ്യക്തിത്വമാണ് ഇദ്ദേഹം. മംഗളുരു സര്‍വകലാശാലയുടെ ബിരുദ പുസ്തകങ്ങളില്‍ മധുരാക്ഷരങ്ങള്‍ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് ഈ മധുരനാരങ്ങ വില്പനക്കാരന്റെ ജീവിതമാണ്…

ഓറഞ്ച് കച്ചവടത്തിലൂടെ ഉറുമ്പു ധാന്യമണി ശേഖരിക്കുന്നതു പോലെ പൈസ സ്വരുക്കൂട്ടുന്നതു നാട്ടിലെ കുഞ്ഞുങ്ങള്‍ക്കു അക്ഷരങ്ങളിലൂടെ അറിവിന്റെ വെളിച്ചം പകരുകയാണ് ഈ മനുഷ്യന്‍. വലുപ്പമേറിയ ഓറഞ്ചുകുട്ട തലയില്‍ ചുമന്നു വിയര്‍ത്തൊലിച്ചു കച്ചവടം ചെയ്യുന്നതു സ്‌കൂളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അധ്യാപകര്‍ക്കു ശമ്പളം നല്‍കുന്നതിനുമാണ്.. പിന്നെ എങ്ങനെയാണ് ഹജ്ജബ്ബ ഹീറോ അല്ലാതാകുന്നത്?

അടിസ്ഥാന സൗകര്യങ്ങളേതുമില്ലാത്ത ദക്ഷിണ കര്‍ണാടകയിലെ ന്യൂ പദപ്പ എന്ന ഗ്രാമത്തിലാണ് ഹജ്ജബ്ബ മാറ്റങ്ങള്‍ വരുത്തിയത്. പൊട്ടിപൊളിഞ്ഞ റോഡുകള്‍ നിറഞ്ഞ, അടിയന്തിരാവശ്യങ്ങള്‍ക്കു പോലും വാഹനങ്ങള്‍ ഇല്ലാത്ത,നല്ല വീടുകള്‍ പോലുമില്ലാത്ത ഈ ഗ്രാമത്തില്‍ പക്ഷെ മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന, 400 ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു വിദ്യാലയമുണ്ട്. ദക്ഷിണ കന്നഡ ജില്ലാപഞ്ചായത്ത് ഹയര്‍ പ്രൈമറി സ്‌കൂള്‍, ന്യൂ പദപ്പ. ഒന്നര ഏക്കറില്‍ രണ്ടു കെട്ടിടങ്ങളിലായി 6ാം ക്ലാസ്സുവരെ ഇവിടെ കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം നല്‍കുന്നുണ്ട്. ഉയരം കുറഞ്ഞു മെലിഞ്ഞ ഹജ്ജബ്ബയെന്ന ആ ഓറഞ്ച് വില്പനക്കാരനാണ് ഈ സ്‌കൂളിന്റെ സ്ഥാപകന്‍.

ഹജ്ജബ്ബ ഓറഞ്ചു കച്ചവടം തുടങ്ങുന്നതു 1970കളിലാണ്. നിരക്ഷരനാണെങ്കിലും കന്നഡയും തുളുവും ബ്യാരിയുമെല്ലാം നന്നായി സംസാരിക്കുന്ന ഹജ്ജബ്ബയ്ക്കു പക്ഷെ വിദേശികളുമായുള്ള കച്ചവടത്തിനു ഭാഷയൊരു വലിയ പ്രശ്‌നമായിരുന്നു. വിദ്യാലയമില്ലാത്ത തന്റെ ഗ്രാമം, ഈ തലമുറക്കു മാത്രമല്ല ഇനി വരുന്ന തലമുറക്കും അക്ഷരങ്ങളിലൂടെയുള്ള അറിവു നിഷേധിക്കുമല്ലോ എന്ന ചിന്ത ഹജ്ജബ്ബയുടെ ഉറക്കം നഷ്ടപ്പെടുത്തി. ഉറക്കമില്ലാത്ത രാത്രികളില്‍ ഹജ്ജബ്ബ കണ്ട സ്വപ്നം എന്നും ഒന്നുതന്നെയായിരുന്നു. തന്റെ നാട്ടിലെ കുട്ടികള്‍ക്ക് ഒരു സ്‌കൂള്‍. ഒരു ഓറഞ്ചു വില്പനക്കാരന്റെ അതിമോഹമായിരുന്നില്ല ആ സ്വപ്നം. പതുക്കെ പതുക്കെ ഹജ്ജബ്ബ ആ സ്വപ്നത്തിനു നിറങ്ങള്‍ നല്‍കി. ഓറഞ്ചു വിറ്റുകിട്ടുന്ന തുകയില്‍ നിന്നു നല്ലൊരു പങ്കു തന്റെ സ്വപ്നപൂര്‍ത്തീകരണത്തിനായി മാറ്റിവെച്ചു. അങ്ങനെ ആ ദിവസം വന്നെത്തി,1999 ജൂണ്‍ 6. ഹരേക്കളയിലെ ത്വാഹാ മസ്ജിദിന്റെ ഒരു ചെറിയ മുറിയില്‍ ഹജ്ജബ്ബ തന്റെ സ്‌കൂള്‍ തുടങ്ങി. അത്രയും മനോഹരമായ ഒരു ദിവസം അന്നോളം ഹജ്ജബ്ബയുടെ ജീവിതത്തില്‍ ഉണ്ടായികാണില്ല.

എന്നാല്‍ ഇദ്ദേഹത്തിന്റെ മുമ്പില്‍ പ്രതിസന്ധികള്‍ ധാരാളമുണ്ടായിരുന്നു. സ്‌കൂളില്‍ ചേരാന്‍ ഒരു കുട്ടി പോലുമില്ല. ആകെ വിഷമവൃത്തത്തിലകപെട്ടുപോയ നിമിഷങ്ങള്‍…പക്ഷെ തോറ്റുകൊടുക്കാന്‍ ആ മനുഷ്യനു കഴിയുമായിരുന്നില്ല. ഓരോ വീട്ടിലും കയറിയിറങ്ങിയ അയാള്‍ ഒടുവില്‍ 28 കുട്ടികളെ തന്റെ സ്‌കൂളില്‍ പഠിക്കാന്‍ എത്തിച്ചു. ഓറഞ്ചുവിറ്റു കിട്ടുന്ന പൈസ മാസാവസാനങ്ങളിലേക്കു മാറ്റിവെച്ചു. തന്റെ കുട്ടികളെ പഠിപ്പിക്കാനെത്തിയ അധ്യാപികക്ക് ശമ്പളം നല്‍കാനായി.

സ്‌കൂളിന്റെ അംഗീകാരം പോലുള്ള കടമ്പകള്‍ പിന്നെയും ബാക്കിയായി. എന്നാല്‍ ഓറഞ്ചു വില്‍പന പോലും മാറ്റിവെച്ചു ആ മനുഷ്യന്‍ അതിനായി തുനിഞ്ഞിറങ്ങിയപ്പോള്‍ തോറ്റുകൊടുക്കാനേ അധികാരികള്‍ക്കു കഴിഞ്ഞുള്ളു. ഓറഞ്ചു വില്‍പന നടക്കാതിരുന്ന ആ ദിനങ്ങളില്‍ സ്വന്തം വീട്ടിലെ അടുപ്പു പുകഞ്ഞില്ലെന്ന സത്യം പിന്നെയുള്ള ദിവസങ്ങളില്‍ ഭാര്യയും മക്കളും ബീഡിതെറുപ്പിനു പോയപ്പോഴാണ് ഹജ്ജബ്ബ മനസിലാക്കിയത്. ആ വലിയ ഉദ്യമത്തിനു മനസ്സുകൊണ്ടും കര്‍മം കൊണ്ടും പിന്തുണ നല്‍കുകയായിരുന്നു ആ ഭാര്യയും മക്കളും.

ഒറ്റമുറി കെട്ടിടത്തിലെ സ്‌കൂളിനു അംഗീകാരം ലഭിച്ചെങ്കിലും എത്രയും പെട്ടന്നു സ്വന്തമായി സ്ഥലവും കെട്ടിടവും വേണമെന്ന നിബന്ധനയും കൂടെയുണ്ടായിരുന്നു. പിന്നീടു കടം വാങ്ങലുകളുടെയും യാചനയുടെയും നാളുകളായിരുന്നു. വലിയ വാതിലുകളിലും ചെറിയ വാതിലുകളും ഒരുപാടു തവണ മുട്ടിയപ്പോള്‍ ആ തകര പെട്ടിയില്‍ 50000ത്തോളം രൂപ നിറഞ്ഞു. അങ്ങനെ സ്‌കൂളിനായി 2001ല്‍ 40 സെന്റ് സ്ഥലം വാങ്ങി. കേട്ടറിഞ്ഞും കണ്ടറിഞ്ഞും പിന്നീടു ഒരുപാടു പേര്‍ സഹായവുമായെത്തി.

കന്നഡപ്രഭയെന്ന പത്രം അവരുടെ ആ വര്‍ഷത്തെ മാന് ഓഫ് ദി ഇയര്‍ പുരസ്‌കാരം നല്‍കി ഹജ്ജബ്ബയെ ആദരിച്ചു. കൂടെ സമ്മാനത്തുകയായി ഒരു ലക്ഷം രൂപയും നല്‍കി. സ്‌കൂളിന്റെ നിര്‍മാണ ചെലവിലേക്കു ആ തുക മാറ്റിവെക്കുവാന്‍ ഹജ്ജബ്ബയ്ക്കു രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. പിന്നീടും നിരവധി പുരസ്‌കാരങ്ങള്‍ ആ ‘ചെറിയ, വലിയ’ മനുഷ്യന് ലഭിച്ചു. സിഎന്‍എന്‍-ഐബിഎന്‍ 2007ല്‍ ‘ദി റിയല്‍ ഹീറോ’ പുരസ്‌കാരം നല്‍കിയപ്പോള്‍ ലഭിച്ച അഞ്ചുലക്ഷം രൂപയും തന്റെ സ്‌കൂള്‍ നിര്‍മാണത്തിലേക്കാണ് അദ്ദേഹം മാറ്റിവെച്ചത്. ആ ചാനല്‍ പരിപാടിയുടെ അവതാരകന്‍ ബോളിവുഡിന്റെ സ്വന്തം ആമീര്‍ ഖാനും ഹജ്ജബ്ബയെ കുറിച്ചുള്ള ആമുഖം വായിച്ചത് മലയാളത്തിന്റെ പ്രിയ മോഹന്‍ലാലുമായിരുന്നു.

2011 ലെ കര്‍ണാടക സര്‍ക്കാരിന്റെ രാജ്യോത്സവ് പുരസ്‌കാരവും ഹജ്ജബ്ബയ്ക്കു തന്നെയായിരുന്നു. ഒന്നര ഏക്കറില്‍ രണ്ടു കെട്ടിടങ്ങളും പത്തു ക്ലാസ് മുറികളുമുള്ള ഒരു സ്‌കൂള്‍ ഇന്ന് ന്യൂ പദപ്പ എന്ന ആ ഗ്രാമത്തിനു സ്വന്തമാണ്. ഹജ്ജബ്ബയെന്ന സാധാരണക്കാരനായ മനുഷ്യന്റെ കഠിനാധ്വാനത്തിന്റെ പൂര്‍ത്തീകരണമാണ് ആ വിദ്യാലയം. അജ്ഞതയുടെ ഇരുള്‍മൂടിയിരുന്ന ഒരു ഗ്രാമത്തിനു മുഴുവന്‍ വെളിച്ചം പകര്‍ന്ന ഹജ്ജബ്ബ തന്നെയാണ് നാട്ടുകാരുടെ സൂപ്പര്‍ ഹീറോ.

 

 

Related posts