ആലപ്പുഴ: നഗരത്തിൽ കഴിഞ്ഞദിവസം പുലർച്ചെ വഴിയാത്രക്കാരെ ആക്രമിച്ച് ആഭരണങ്ങളും പണവും കവരുകയും വീടുകൾക്കു നേരേ അതിക്രമം നടത്തുകയും ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടിയത് സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ.
ബുധനാഴ്ച പുലർച്ചെ നഗരത്തിന്റെ തെക്കൻ മേഖലയിൽ പിടിച്ചുപറിയും വീടുകൾക്കു നേരേ അതിക്രമവും നടത്തിയശേഷം ഇടുക്കിയിലെ വാഗമണ്ണിലേക്ക് പോവുകയും അവിടെ നിന്ന് ഫേസ്ബുക്കിൽ ചിത്രങ്ങളിട്ട് ദൃശ്യം മോഡലിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതികളാണ് പോലീസിന്റെ വലയിലായത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഘത്തിന്റെ അഴിഞ്ഞാട്ടം.
ആലപ്പുഴ മുല്ലാത്ത് വളപ്പ് ഓമന ഭവനിൽ രാഹുൽ ബാബു, സനാതനം വാർഡ് താനാകുളങ്ങരയിൽ രതീഷ്, തിരുവാന്പാടി അശ്വതി ഭവനിൽ അശ്വിൻ, പഴവീട് ചാക്കുപറന്പിൽ അനന്തു എന്നിവരാണ് സൗത്ത് പോലീസിന്റെ പിടിയിലായത്. മുല്ലയ്ക്കൽ ക്ഷേത്രജീവനക്കാരനായ ശ്രീസദനം വീട്ടിൽ ശ്രീജിത്തിനെയാണ് സംഘം ആദ്യം ആക്രമിച്ചത്. ഇയാളെ മർദിച്ച് ഭീഷണിപ്പെടുത്തിയശേഷം ഒരുപവൻ സ്വർണ ചെയിൻ കവർന്ന സംഘം പിന്നീട് കണിയാകുളത്ത് വച്ച് കിടങ്ങാംപറന്പ് ക്ഷേത്രത്തിലെ ജീവനക്കാരനായ ചന്ദ്രശേഖരമേനോനെ ഭീഷണിപ്പെടുത്തി പണവും പഴ്സും അപഹരിച്ചു.
തിരുവാന്പാടി ക്ഷേത്രജീവനക്കാരനായ പരമേശ്വരൻ നന്പൂതിരിയെ ഈ സംഘം ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വേഗത്തിൽ ബൈക്ക് വെട്ടിച്ച് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. റോഡരുകിലെ വീടുകൾക്ക് നേരെ അക്രമവും സംഘം നടത്തിയിരുന്നു.പിടിച്ചുപറികൾക്കുശേഷം പുലർച്ചെ തന്നെ ബൈക്കിൽ വാഗമണ്ണിലേക്ക് കടന്ന സംഘം അവിടെ നിന്ന് ഗ്രൂപ്പ് സെൽഫിയെടുത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിയ പോലീസിന് കണിയാകുളത്തെ സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ നിന്നും ലഭിച്ച ദൃശ്യത്തിൽ കണ്ട ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വൈകുന്നേരത്തോടെ പ്രതികൾ പിടിയിലായത്. അശ്വിൻ ഒഴികെയുള്ള പ്രതികൾ നിരവധി കേസുകളിലുൾപ്പെട്ടവരാണ്. അറസ്റ്റിലായവരെ പിന്നീട് കോടതിയിൽ ഹാജാരാക്കി റിമാൻഡ് ചെയ്തു.