ആലപ്പുഴ: ബിജെപിയുമായി അഭിപ്രായ വ്യത്യാസം തുടരുന്ന ബിഡിജെഎസിന്റെ നിർണായക സംസ്ഥാന കൗണ്സിൽ യോഗം ഇന്ന് രാവിലെ ചേർത്തലയിൽ നടക്കും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണ് യോഗത്തിന്റെ പ്രഥമ പരിഗണന. കഴിഞ്ഞദിവസം കൊല്ലത്തുചേർന്ന പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിൽ അവഗണന തുടരുന്ന സാഹചര്യത്തിൽ എൻഡിഎ മുന്നണി വിടാനുള്ള വികാരം ശക്തമായിരുന്നു.
ഇതോടൊപ്പം ചെങ്ങന്നൂരിൽ പാർട്ടി തനിച്ച് മത്സരിക്കാനും അനുയോജ്യരായ സ്ഥാനാർഥികളുടെ പേര് തയാറാക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് പാർട്ടി പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഇന്ന് ചേരുന്ന സംസ്ഥാന കൗണ്സിലിലുണ്ടാകും.
കൂടാതെ ബിജെപി ഒഴികെയുള്ള എൻഡിഎയിലെ ഘടകകക്ഷികളെ ഒരുമിപ്പിച്ച് സമ്മർദം ശക്തമാക്കാനുള്ള നീക്കവും ബിഡിജെഎസിന്റെ ഭാഗത്തുനിന്നുണ്ട്. നാലു മാസമായി എൻഡിഎ യോഗം ചേരാത്തതും ഉപതരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ബിജെപി ബിഡിജെഎസിനെ വിളിക്കാത്തതുമാണ് പാർട്ടി പ്രകോപനത്തിന് കാരണം.
ബിഡിജെഎസ് എൻഡിഎ ഘടകകക്ഷിയാകുന്പോൾ ബിജെപി ദേശീയ നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ ഇതുവരെ പാലിക്കാത്തത് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. പല തവണ ഈ വിഷയത്തിൽ ബിഡിജെഎസ് പ്രതിഷേധമുയർത്തിയെങ്കിലും ദേശീയ അധ്യക്ഷനെ ഇടപെടുത്തി പ്രശ്നത്തിൽ താത്ക്കാലിക പരിഹാരമുണ്ടാക്കുകയാണ് ബിജെപി ഇതുവരെ ചെയ്തത്.
ബിജെപിയുടെ ഈ നടപടിയോട് ബിഡിജെഎസ് നേതൃത്വത്തിന് ശക്തമായ പ്രതിഷേധമുണ്ട്. അതേസമയം പാർട്ടി തനിച്ച് മത്സരിക്കണമെന്ന് ബിഡിജെഎസ് ചെങ്ങന്നൂർ മണ്ഡലം കമ്മറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത്തല പ്രവർത്തനങ്ങൾ വരെ പാർട്ടി തലത്തിൽ ആരംഭിക്കുകയും ചെയ്തിട്ടുള്ളതായാണ് അറിയുന്നത്.