ന്യൂഡൽഹി: ചാരവൃത്തി നടത്തിയ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഗ്രൂപ്പ് ക്യാപ്റ്റൻ പദവിയിലുള്ള അരുൺ മർവാഹിനെയാണ് അറസ്റ്റ് ചെയ്തത്. സെക്സ് ചാറ്റിലൂടെയാണ് ഇയാളെ ഐഎസ്ഐ കുടുക്കിയത്.
വ്യോമസേനയുടെ നിയമങ്ങളും ഉത്തരവുകളും മറികടന്ന് ചില സാങ്കേതികവൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഐഎസ്ഐയ്ക്ക് രഹസ്യങ്ങൾ ചോർത്തിയതായി തെളിഞ്ഞത്.
മാസങ്ങൾ മുൻപ് മാത്രം ഫേസ്ബുക്കിലൂടെയാണ്, സ്ത്രീയെന്ന് വെളിപ്പെടുത്തിയ ഐഎസ്ഐ ഏജന്റുമായി അരുൺ മർവ പരിയപ്പെടുന്നത്. പിന്നീട് വാട്സാപ്പ് വഴി ചാറ്റ് ചെയ്യാനാരംഭിച്ചു. ഈ ചാറ്റിംഗിനിടെ തന്ത്രപ്രധാനമായ രഹസ്യങ്ങൾ ഉദ്യോഗസ്ഥർ പങ്കുവച്ചെന്നാണ് വിവരം. സൈബർ സുരക്ഷ, ശൂന്യാകാശ പരീക്ഷണങ്ങൾ, സ്പെഷൽ ഓപ്പറേഷൻ തുടങ്ങി വിവിധ മേഖലകളിലെ വിവരങ്ങളാണ് ഇദ്ദേഹം കൈമാറിയത്.
ഇതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും മർവ വാട്സാപ്പ് വഴി ചിത്രങ്ങളായി അയച്ചു നൽകിയെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. അതേസമയം വ്യോമസേന അധികൃതർ മർവയുടെ അറസ്റ്റ് സംബന്ധിച്ച് പ്രതിരിച്ചില്ല.അടുത്ത വർഷം വിരമിക്കാനിരുന്ന ഇദ്ദേഹത്തിനെതിരെ 14 വർഷം തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.