കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റീസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും ചടങ്ങിൽ പങ്കെടുത്തു.
നിലവിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായ ആന്റണി ഡൊമനിക്കിനെ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന നവനീതി പ്രസാദ് സിംഗ് വിരമിച്ചതിനെ തുടർന്നാണ് ആന്റണി ഡൊമനിക്കിനെ ചീഫ് ജസ്റ്റീസായി നിയമിച്ചത്.
കോട്ടയം പൊൻകുന്നം സ്വദേശിയാണ് ആന്റണി ഡൊമനിക്ക്. 1981ലാണ് ആന്റണി ഡൊമനിക് അഭിഭാഷകവൃത്തി ആരംഭിച്ചത്. 2007ലാണ് ആന്റണി ഡൊമനിക്കിനെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയോഗിച്ചത്. പിന്നീട് 2008ൽ സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം നൽകി.