പെരുന്പടവ്(കണ്ണൂർ): വീടിന്റെ വാതിൽ തകർത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പടപ്പേങ്ങാട് ടൗണിലുള്ള കറുത്താണ്ടി ഹാരിസിന്റെ വീടിന്റെ കതക് തകർത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നു പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.
മാതാപിതാക്കളുടെ കൂടെ കിടന്നുറങ്ങുകയായിരുന്ന എട്ടുവയസുകാരിയെ എടുത്തുകൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും കുട്ടിയുടെ മുടി അമ്മയുടെ കമ്മലിൽ കുരുങ്ങിക്കിടന്നതിനാൽ അമ്മ ഉണരുകയും തട്ടിക്കൊണ്ടുപോകാൻ എത്തിയവർ ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
മറ്റ് രണ്ടു കുട്ടികൾ അടുത്ത മുറിയിലാണ് കിടന്നിരുന്നത്. ഈ മുറിയിലുണ്ടായിരുന്ന മൊബൈൽ ഫോൺ വീടിന്റെ ഹാളിലാണ് പിന്നീട് കാണപ്പെട്ടത്. കുട്ടി കിടന്നിരുന്ന മുറിയുടെ ജനലിന്റെ പുറത്ത് കറുത്ത മഷികൊണ്ട് ഗുണനചിഹ്നം മാർക്ക് ചെയ്തിരുന്നതായി പിന്നീട് കണ്ടെത്തി.
വീട്ടുകാരുടെ ബഹളം കേട്ടെത്തിയ സമീപവാസികൾ പരിസരത്ത് തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പോലീസും വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.