കോട്ടയം: കെഎസ്ആർടിസി ബസ് സമയക്രമീകരണം പാലിക്കാത്തതു യാത്രക്കാരെ വലയ്ക്കുക്കുന്നു. പാലാ ഡിപ്പോയിൽ നിന്നും പുലർച്ചെ 5.25നു എറണാകുളത്തിനു പുറപ്പെടുന്ന ബസാണു സമയക്രമീകരണം പാലിക്കാത്തതായി പരാതി ഉയർന്നിരിക്കുന്നത്.
പാലായ്ക്കും സമീപ പ്രദേശങ്ങളിൽ നിന്നും എറണാകുളത്ത് ജോലി ചെയ്യുന്ന നിരവധി ആളുകളാണു ഈ ബസിനെ ആശ്രയിച്ചു യാത്ര ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഈ സമയ ക്രമീകരണം പാലിക്കാത്തതിനാൽ നിരവധി യാത്രക്കാരാണു ദുരിതം അനുഭവിക്കുന്നത്. മിക്ക ദിവസങ്ങളിലും പുലർച്ചെ അഞ്ചുമണി കഴിയുന്പോഴേക്കും യാത്രക്കാർ ഡിപ്പോയിൽ എത്തുന്പോൾ ബസ് പോയല്ലോയെന്ന മറുപടിയാണു ലഭിക്കുന്നത്.
പുലർച്ചെയുള്ള എറണാകുളം സർവീസിനുശേഷം പീന്നിട് 6.05നാണു അടുത്ത ബസ് എറണാകുളത്തിനു പുറപ്പെടുന്നത്. രണ്ടാമത്തെ ബസ് ഫാസ്റ്റ് പാസഞ്ചറായതിനാൽ ചാർജും കൂടുതലാണ്. ബസ് സമയക്രമം പാലിക്കാത്തതിനെ സംബന്ധിച്ചു എടിഒയ്ക്കും കണ്ട്രോളിംഗ് ഇൻസ്പെക്്ടർക്കും പരാതി നല്കിയിട്ടും നടപടിയുണ്ടായില്ലെന്നു യാത്രക്കാർ കുറ്റപ്പെടുത്തുന്നു.
ബസ് നിർദേശിച്ചിരിക്കുന്നതിലും 30 മിനിറ്റ് മുന്പായി ട്രിപ്പ് ആരംഭിക്കുന്നതു കുറുപ്പന്തറയിൽ നിന്നും സ്വകാര്യ ബസുകളോടു മത്സരയോട്ടം നടത്തുന്നതിനാണെന്നു യാത്രക്കാർ പറയുന്നു. സംഭവത്തിൽ അധികൃതർ ഇടപെടണമെന്നും ബസിന്റെ സമയക്രമം പാലിക്കുന്ന കാര്യം ഉറപ്പു വരുത്തണമെന്നും കെടിയുസി എം ജില്ലാ ജോയിന്റ് സെക്രട്ടറി പി.എൻ. രമേഷ് ആവശ്യപ്പെട്ടു.