ആലപ്പുഴ: ചുങ്കം കള്ള് ഷാപ്പിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്. കേസിലെ പ്രതികളായ ചുങ്കം മുക്കവലയ്ക്കൽ കന്നിട്ടപറന്പിൽ ശരത് (29), പുത്തൻപറന്പിൽ റസീബ് (27), പുത്തൻചിറയിൽ രാകേഷ് (29), സഹോദരൻ രജീഷ് (27), പുത്തൻചിറയിൽ രതീഷ് (31), തൗഫീക്ക് മൻസിലിൽ തൻസിൽ (28), പത്തുതറവീട്ടിൽ അബി (27), കുണ്ടലേത്ത്ചിറയിൽ സിയാദ് (35) എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക് കോടത്ി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയടക്കണമെന്ന് ഉത്തരവിലുണ്ട്. പണം അടച്ചില്ലെങ്കിൽ മൂന്നുവർഷം കൂടെ ശിക്ഷ അനുഭവിക്കണം. 2010 മാർച്ച് 10നായിരുന്നു കൊലപാതകം നടന്നത്. കേസിലെ എട്ടാംപ്രതി സിയാദും സുഹൃത്തുക്കളും രണ്ട് ദിവസങ്ങൾക്ക് മുന്പ് ചുങ്കം ഷാപ്പിലെത്തി മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ ഇവർ ഷാപ്പു ജീവനക്കാരനായ തിരുമല പുതുവന പറന്പിൽ മണിലാലുമായി വാക്കേറ്റമുണ്ടായി.
അന്ന് രാത്രി സഹപ്രവർത്തകനായ ശ്യാംകുമാറിനൊപ്പം വീട്ടിലേക്ക് പോയ മണിലാലുമായി സിയാദ് വീണ്ടും വാക്കുതർക്കമുണ്ടായിരുന്നു. ഇതിനെത്തുടർന്നുണ്ടായ വിരോധത്തിൽ മണിലാലിനെ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവദിവസം ഷാപ്പിലെത്തിയ ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾ മണിലാലുമായി വാക്കുതർക്കമുണ്ടാകുകയും കള്ള്കുപ്പി വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
സംഘർഷത്തെത്തുടർന്ന് ഷാപ്പിനോട് ചേർന്നുള്ള അടുക്കളയിൽ കയറി മണിലാലും ശ്യാംകുമാറും വാതിലടച്ചെങ്കിലും പ്രതികൾ തള്ളിത്തുറന്ന് അകത്തുകയറുകയും കേസിലെ ഒന്നാം പ്രതി ശരത് കള്ളുകുപ്പികൊണ്ട് മണിലാലിന്റെ ഇടതുനെഞ്ചിൽ കുത്തുകയും മറ്റൊരു പ്രതിയായ റസീബ് ശ്യാം ലാലിനെ കള്ളുകുപ്പിക്കൊണ്ട് തലയ്ക്കടയിക്കുകയുമായിരുന്നു.
ഗുരുതര പരിക്കേറ്റ മണിലാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപേയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. ആലപ്പുഴ സൗത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്ന് സിഐയായിരുന്ന പി.വി. ബേബിയാണ് കേസ് അന്വേഷിച്ചത്.