കൊച്ചി: രാജ്യത്തിന്റെ ചരിത്രത്തെപ്പോലും അവഹേളിക്കുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെഹ്റു ഉൾപ്പെടെയുള്ള നേതാക്കളെ താഴ്ത്തിക്കെട്ടാനും രാജ്യം കൈവരിച്ച മുഴുവൻ നേട്ടങ്ങളെയും നിസാരവത്ക്കരിക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്.
വഹിക്കുന്ന പദവിയുടെ വലിപ്പമറിയാത്ത നേതാവാണു നിർഭാഗ്യവശാൽ നമ്മുടെ പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിൽ എറണാകുളത്ത് നടത്തുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വൻഷന്റെ സ്വാഗത സംഘയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ യോഗം ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് ടി. ജെ. വിനോദ് അധ്യക്ഷത വഹിച്ചു. ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ, ബെന്നി ബഹന്നാൻ, അജയ് തറയിൽ, എൻ. വേണുഗോപാൽ, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, വി.ഡി. സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.