ചാലക്കുടി: നിരവധി ക്രിമിനൽ ഹൈവേ കവർച്ചക്കേസുകളിൽ പ്രതികളും കുപ്രസിദ്ധ ഗുണ്ടകളുമായ രണ്ടുപേരെ ഒരു കിലോ കഞ്ചാവുമായിചാലക്കുടി പോലീസ് അറസ്റ്റുചെയ്തു. പോട്ട പനന്പിള്ളി കോളജിനു സമീപം കായകുളം വീട്ടിൽ അണ്ണൻ എന്നു വിളിക്കുന്ന നിഷാദ് (42), ആലുവ പന്നിയങ്കര വീട്ടിൽ മങ്കി എന്നു വിളിക്കുന്ന വിനീത് (34) എന്നിവരെയാണ് കഞ്ചാവുസഹിതം എസ്ഐ ജയേഷ് ബാലൻ പിടികൂടിയത്.
ചാലക്കുടി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള നിഷാദ് കേരളത്തിനകത്തും പുറത്തും ഹൈവേ കവർച്ച, കുഴൽപ്പണം, കൊലപാതക ശ്രമം എന്നീ കേസുകളിൽ പ്രതിയാണ്. വളരെ അപകടകാരികളായ ഇവരെ പോലീസ് സാഹസികമായാണ് പിടികൂടിയത്. സംശയം തോന്നാതിരിക്കാൻ ആഡംബര ബൈക്കുകളിൽ വലിയ ടൂറിസ്റ്റ് ബാഗുകളുമായാണ് ഇവരുടെ യാത്ര. വ്യാജ നന്പർ പ്ലേറ്റുകളും രജിസ്ട്രേഷൻ നന്പറുകളുമാണ് ബൈക്കിൽ ഉപയോഗിച്ചിരുന്നത്.
തമിഴ്നാട്ടിലെ തേനിയിൽനിന്നും കൊണ്ടുവരുന്ന കഞ്ചാവ് ഫോണ് മുഖേന ഓർഡർ എടുത്താണ് വില്പന നടത്തിയിരുന്നത്. എപ്പോഴും ആയുധവുമായി നടക്കുന്ന വിനീത് പോലീസിനു നേരെ കത്തിയെടുത്തെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പിടിയിലായതുമുതൽ ഇവരുടെ ഫോണുകളിലേക്ക് നിരവധി പേരുടെ കോളുകളാണ് “മരുന്നിനു’വേണ്ടി എത്തിക്കൊണ്ടിരുന്നത്.
എഎസ്ഐ ഷാജു എടത്താടൻ, സിപിഒമാരായ എ.യു.റെജി, രാജേഷ് ചന്ദ്രൻ, സി.ആർ.രാജേഷ്, ഷീബ അശോകൻ, എം.എസ്.ഷിജു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ബൈക്കിൽ പോകുകയായിരുന്ന നിഷാദിനെ സംശയം തോന്നി പിൻതുടർന്നപ്പോൾ ഇയാളെ സൗത്ത് ഓവർ ബ്രിഡ്ജിന്റെ വടക്കുഭാഗത്തു വിനീത് കാത്തുനിൽക്കുകയായിരുന്നു. തുടർന്നാണ് ഇവരെ പിടികൂടിയത്.ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.