കോഴിക്കോട്: വരനെ നിങ്ങള്‍ കണ്ടെത്തൂ… വിവാഹം ഞങ്ങള്‍ നടത്തിക്കൊള്ളാം…പറയുന്നത് ‘ആങ്ങള’മാരാണ്.സാധാരണക്കാരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ രൂപപ്പെട്ട സുമനസുകളുടെ കൂട്ടായ്മയാണ് ആങ്ങളമാര് . വിവാഹത്തിന്റെ എല്ലാ വിധ ചടങ്ങുകളും സ്വയം ഏറ്റെടുത്ത് നടത്തുന്ന ആങ്ങളമാര് സംഘമാണ് ഇപ്പോള്‍ നാട്ടിലെ താരമായിരിക്കുന്നത്.
ആങ്ങളമാരുടെ നേതൃത്വത്തില്‍ ആദ്യവിവാഹം നാളെ മണ്ണാര്‍ക്കാട്ട് നടക്കുകയാണ്.ആണ്്തുണയില്ലാത്തതും നിര്‍ധന കുടുംബത്തില്‍പ്പെട്ടതുമായ പെണ്‍കുട്ടികളെയാണ് ആങ്ങളമാര് സഹായിക്കുന്നത്. നിരവധി ആലോചനകള്‍ വന്നിട്ടും വിവാഹ ഭാഗ്യം കൈവരാതെ, വിവാഹച്ചെലവുകളെക്കുറിച്ചോര്ത്ത് ദുഖിക്കുന്നവരുടെ കണ്ണിരൊപ്പുകയാണ് ഇവരുടെ ലക്ഷ്യം.
14 പേരടങ്ങുന്ന ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സില്‍ ജോലിചെയ്യുന്ന സംഘമാണ് ഈ കാരുണ്യ പ്രവര്‍ത്തനത്തിനു പിന്നില്‍ . പത്ത് പവന് സ്വര്‍ണവും വിവാഹത്തിനുള്ള മറ്റെല്ലാ ചിലവുകളും സദ്യയും ഇവര്‍ വഹിക്കും. സദ്യ വിളമ്പല്‍ വരെ ആങ്ങളമാരാണ് നിര്‍വഹിക്കുക.
വിവാഹച്ചടങ്ങിന് കൊഴുപ്പു കൂട്ടാന്‍ തലേദിവസം വധുവിന്റെ വീട്ടില്‍ ഗാനമേളയും സംഘടിപ്പിക്കും.വരനെ കണ്ടെത്തേണ്ടത് പെണ്‍വീട്ടുകാരുടെ ഉത്തരവാദിത്തമാണ്. ബോബി ചെമ്മണൂര്‍ ഇന്റര്്നാഷണല് ജ്വല്ലേഴ്സിലെ ജീവനക്കാരായ അനില്‍ , ഷാജി, ബിജു ജോർജ് , സെബാസ്റ്റിയന്, ഗോകുല്‍ദാസ്, ജോജി, ജിജോ, നിഷാദ്, ജിയോ ഡാര്വിഴന് , മഹേഷ്, പ്രജീഷ്, സുധീഷ്, ബഷീര്‍ , അരുണ്‍ എന്നിവരാണ് ഈ പുതിയ ഉദ്യമത്തിനു പിന്നില്‍ .
മണ്ണാര്‍ക്കാട് മുക്കാലിയിലെ കാട്ടുശ്ശേരി നരിയന്‍ പറമ്പില്‍ പരേതനായ അളകേശന്റെയും ശാരദയുടെ മകള്‍ പ്രിയയുടെയും മണ്ണാര്‍ക്കാട് കപ്രാട്ടില്‍ ഹൗസില്‍പരേതനായ നാരായണന്റെയും ശാരദയുടെയും മകന് കൃഷ്ണകുമാറിന്റെയും വിവാഹമാണ് നാളെ ആങ്ങളമാരുടെ നേതൃത്വത്തില്‍ നടക്കുന്നത്. കക്കുപ്പടി മഹാദേവ ക്ഷേത്രത്തിലെ വേദിയില്‍ രാവിലെ 9.30നും 10 നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലാണ് കല്യാണം. ആദ്യ കല്യാണം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ‘ആങ്ങളമാര്.