വടക്കഞ്ചേരി: മലയോരമേഖലയിൽ കുരുമുളകിന്റെ വിളവെടുപ്പ് സീസണ് സജീവമായെങ്കിലും വിലകുറവും ഉത്പാദനകുറവും കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേല്‍പ്പിക്കുന്നു.
കഴിഞ്ഞവർഷം ഈ സീസണിൽ കിലോയ്ക്ക് 600 രൂപയുണ്ടായിരുന്ന മുളക് വില ഇപ്പോൾ നാനൂറുരൂപയായി ഇടിഞ്ഞു. വിലകുറഞ്ഞതിനൊപ്പം വിളവില്ലാത്തതാണ് കർഷകരെ കൂടുതൽ കഷ്ടത്തിലാക്കുന്നത്. കഴിഞ്ഞവർഷത്തെ വേനലിലെ ഉണക്കും കാലാവസ്ഥ വ്യതിയാനങ്ങളുമാണ് ഉത്പാദനം മൂന്നിലൊന്നായി കുറയാൻ കാരണമെന്ന് പറയുന്നു.
മുളക് പറിച്ച് നാരും പൊടിയും നീക്കി ഉണക്കി വിപണിയിലെത്തിക്കണമെങ്കിൽ നല്ല അധ്വാനം തന്നെ വേണം. പാലക്കുഴി ഉൾപ്പെടെയുള്ള മലയോരമേഖലയിൽ ഒരു വർഷത്തെ കുടുംബബജറ്റ് തയ്യാറാക്കുന്നതുതന്നെ കുരുമുളകിൽ നിന്നുള്ള വരുമാനം കണക്കാക്കിയാണ്. കാരണം മലയോരത്തെ പ്രധാനവിള ഈ കറുത്ത പൊന്ന് തന്നെയാണ്.
റബർ ചതിച്ചപ്പോൾ കഴിഞ്ഞകുറച്ച് വർഷങ്ങളായി കുരുമുളകായിരുന്നു കർഷകനെ പിടിച്ചുനിർത്തിയത്. എന്നാൽ മുളകിലും പ്രതീക്ഷ വെക്കാനില്ലാത്ത സ്ഥിതി അറുതിയുടെ രൂക്ഷത കൂട്ടുമെന്നാണ് വിലയിരുത്തൽ. മലഞ്ചരക്കുകളെ ആശ്രയിച്ചാണ് വടക്കഞ്ചേരി ഉൾപ്പെടെയുള്ള ചെറിയ പട്ടണങ്ങളുടെ നിലനില്പ്. കാർഷികമേഖലയുടെ തളർച്ച മറ്റു വിപണികളേയും സാരമായി ബാധിക്കും.