ഈ സിനിമയുടെ പ്രേക്ഷകനായി തിയേറ്ററില്‍ എത്തിയ ശേഷം ഒരു നിമിഷം പോലും സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞില്ല ; ഹേയ് ജൂഡ് കണ്ടതിനു ശേഷം ഒരു പിതാവ് പങ്കുവച്ച പോസ്റ്റ് വൈറലാവുന്നു…

ശ്യാമപ്രസാദ് സംവിധാനം ചെയ്ത നിവിന്‍ പോളിച്ചിത്രം ഹേയ് ജൂഡ് മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ഓട്ടിസം ബാധിച്ച യുവാവായാണ് നിവിന്‍ പോളി ചിത്രത്തില്‍ അഭിനയിക്കുന്നത്. ജൂഡ് എന്ന കഥാപാത്രത്തെ നിവിന്‍ പോളി മനോഹരമായി ചെയ്തു എന്നാണ് പ്രേക്ഷക പ്രതികരണം. നിവിന്‍ പോളിയുടെ ഏറ്റവും മികച്ച പടമെന്നാണ് പൃഥിരാജ് ഈ സിനിമയെ വിശേഷിപ്പിച്ചത്. സിനിമ കണ്ട് ഇതേ അവസ്ഥയിലുള്ള മകനെയോര്‍ത്ത് അഭിമാനം തോന്നുന്നുവെന്ന ഒരു അച്ഛന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് വൈറലാകുകയാണ്. സയ്യിദ് ഷിയാസ് മിര്‍സയെന്ന പിതാവാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. നിവിന്‍ പോളി ഈ പോസ്റ്റ് ഷെയര്‍ ചെയ്തതോടെയാണ് ഇത് വൈറലായത്.

സയ്യിദ് ഷിയാസ് മിര്‍സയുടെ പോസ്റ്റ് വായിക്കാം…

ഹേയ് ജൂഡ് കണ്ടു. ഓട്ടിസത്തിനു സമാനമായ അവസ്ഥയിലുള്ള ഒരു യുവാവിന്റെ ജീവിതം ഏറെ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ വീട്ടിലോ പരിസരത്തോ അല്ലെങ്കില്‍ ഒരിക്കലെങ്കിലും ഇത്തരം വ്യക്തികളെ നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലോ ഈ ചിത്രം നിങ്ങള്‍ നിര്‍ബന്ധമായും കാണണം.

അത്തരക്കാര്‍ അവരുടെ ഒരോ ദിവസവും എന്ത് കഷ്ടപ്പെട്ടാണ് മുന്നോട്ട് കൊണ്ട് പോകുന്നത് എന്നത് ഈ സിനിമയില്‍ വ്യക്തമായി പകര്‍ത്തിയിട്ടുണ്ട്. ശ്രീ. ശ്യാമപ്രസാദിന്റെയും നിവിന്‍ പോളിയുടെ കരിയറിലെ മികച്ച ഒരു സിനിമ തന്നെയാണിത്.

ഒരു സിനിമ എന്നതിനപ്പുറം ഏറെ സാമൂഹിക പ്രതിബദ്ധതയോടെ നമ്മുടെ ജനങ്ങള്‍ക്ക് ഏറെ പരിചിതമായിട്ടില്ലാത്ത ഒരു വിഷയം തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു എന്നതില്‍ ഈ സിനിമയുടെ പിന്നണിയിലുള്ളവര്‍ക്ക് അഭിമാനിക്കാം.

ഓട്ടിസം ബാധിതനായ ഒരു കുട്ടിയുടെ പിതാവ് എന്ന രീതിയില്‍ വിലയിരുത്തിയാല്‍ ഈ സിനിമയുടെ പ്രേക്ഷകനായി തിയേറ്ററില്‍ എത്തിയ ശേഷം ഒരു നിമിഷം പോലും സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞില്ല ; മറിച്ച് സവിശേഷ ശേഷികളുള്ള എന്റെ മകനെയോര്‍ത്ത് എനിക്ക് അഭിമാനിക്കാനായി.

എന്നെപ്പോലെ മക്കളുടെ അവസ്ഥ ഓര്‍ത്ത് ആകുലപ്പെടുന്നവര്‍ക്ക് ചെറിയ തോതിലാണ് എങ്കില്‍ പോലും ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കാന്‍ കഴിയുന്ന രീതിയില്‍ ഈ സിനിമ യാഥാര്‍ത്ഥ്യമാക്കിയവരോട് ഞങ്ങളെപ്പോലുള്ള രക്ഷകര്‍ത്താക്കള്‍ കടപ്പെട്ടിരിക്കുന്നു.

 

 

Related posts