പനാജി: പെൺകുട്ടികൾ മദ്യപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങളും പരിഹാസവും. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് പരീക്കറിന്‍റെ വാക്കുകൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.
“ഗേൾസ് ഹൂ ഡ്രിങ്ക് ബിയർ’ എന്ന പേരിൽ ഹാഷ്ടാഗ് കാംപെയ്നും ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട്. ഗോവയിലെ നിയമവകുപ്പ് സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് പാർലമെന്റിൽ സംസാരിക്കവെയായിരുന്നു പെണ്‍കുട്ടികൾ മദ്യപിക്കുന്നതിൽ പരീക്കർ ആശങ്ക പ്രകടിപ്പിച്ചത്. “ഞാൻ ഭയന്നുതുടങ്ങിയിരിക്കുന്നു. കാരണം പെണ്‍കുട്ടികൾ പോലും ബീയർ കുടിച്ചു തുടങ്ങിയിട്ടുണ്ട്. സഹിഷ്ണുതയുടെ അതിര് കടന്നിരിക്കുന്നു’- എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
എട്ടുമാസം പ്രായമായ കുട്ടിവരെ പീഡിപ്പിക്കപ്പെടുന്ന കാലത്ത് അതേക്കുറിച്ചൊന്നും ഒരാശങ്കയും ഇല്ലാത്ത മന്ത്രി ഇക്കാര്യത്തിൽ കാണിക്കുന്ന അമിത താത്പര്യം അത്ഭുതപ്പെടുത്തുന്നുവെന്നും ബിയർ കുടിക്കണോ വേണ്ടയോ എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നുമൊക്കെയാണ് ട്വീറ്റുകൾ. പരീക്കർ ഏത് കാലത്തിലാണ് ജീവിക്കുന്നതെന്നുവരെ ചിലർ ചോദിച്ചു.
ട്രോളന്മാരും പരീക്കറിന്‍റെ വാക്കുകളെ ആഘോഷമാക്കി മാറ്റി. എന്നാൽ പരിഹാസങ്ങളേക്കുറിച്ചോ ട്രോളുകളേക്കുറിച്ച മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.