സീയൂൾ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും നേരിട്ടു കണ്ടാൽ കടിച്ചുകീറുന്നത്ര ശത്രുതയിലാണ്. പക്ഷേ, ഇരുവരുടെയും അപരന്മാർ സൗഹൃദത്തിലാണ്, സമാധാനത്തിന്റെ വക്താക്കളുമാണ്.
ദക്ഷിണകൊറിയയിലെ പിയോങ്ചാങിൽ വെള്ളിയാഴ്ച നടന്ന വിന്റർ ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിനിടെയാണ് കാണികൾക്ക് അപ്രതീക്ഷിത കൗതുകമായി രണ്ട് അപരന്മാരും സ്റ്റേഡിയത്തിലെത്തിയത്. ഒറ്റ നോട്ടത്തിൽ കിമ്മും ട്രംപും തന്നെ രണ്ടുപേരും.
മാർച്ച്പാസ്റ്റ് നടത്തുന്ന കായിതാരങ്ങൾക്കു നേർക്കു കൈവീശിക്കാണിച്ച അപരന്മാർക്കൊപ്പം സെൽഫിയെടുക്കാൻ കാണികൾ ചുറ്റും കൂടി. പക്ഷേ കിം, ട്രംപ് അപരന്മാരുടെ സൗഹൃദം സുരക്ഷാ ഉദ്യോഗസ്ഥർക്ക് അത്ര പിടിച്ചില്ല. സ്റ്റേഡിയത്തിൽ ബഹളം കൂടിയതോടെ ഇരുവരെയും പിടിച്ചു പുറത്താക്കി.
തങ്ങൾ തമ്മിൽ നല്ല ബന്ധത്തിലാണെന്ന് കിമ്മിന്റെ അപരൻ പറഞ്ഞു. എല്ലാവരെയും ഒന്നു ഞെട്ടിക്കാൻ വേണ്ടിയാണ് ഒരുമിച്ചുവന്നത്. ലോകത്ത് സമാധാനം പുലരണമെന്നാണ് ആഗ്രഹം. അതിനു വന്ന ഞങ്ങളെ പിടിച്ചു പുറത്താക്കിയത് ഒട്ടും ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപരന്മാരുടെ പേരുവിവരങ്ങൾ ലഭ്യമല്ല.