ന്യൂഡൽഹി: ദീർഘകാലത്തേക്ക് അകാരണമായി അവധിയെടുത്ത 13,000ലധികം ജീവനക്കാർക്കെതിരേ അച്ചടക്ക നടപടിയെടുക്കാൻ റെയിൽവേ ഒരുങ്ങുന്നു. റെയിൽവേയുടെ വിവിധ വിഭാഗങ്ങളിൽ അകാരണമായി ദീർഘകാലത്തേക്ക് അവധിയെടുത്തവരെ കണ്ടെത്താൻ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ നിർദേശിച്ചിരുന്നു.
ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് 13,000ലധികം ജീവനക്കാർ അവധിയിലാണെന്നു കണ്ടെത്തിയത്. ആൾശേഷി 13 ലക്ഷമുള്ള റെയിൽവേയിൽ കൃത്യമായ അനുമതിയില്ലാതെയാണ് ഈ അവധിയെടുക്കലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സർവീസിൽനിന്നു പിരിച്ചുവിടുന്നതടക്കുമുള്ള അച്ചടക്കനടപടികളായിരിക്കും സ്വീകരിക്കുകയെന്ന് റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജീവനക്കാരെ ജോലിയിൽനിന്നു മാറ്റിനിർത്താൻ ഓഫീസർമാർക്കും സൂപ്പർവൈസർമാർക്കും നിർദേശം നല്കിയിട്ടുണ്ട്.