വില്പനസമ്മർദത്തിന്റെ ആക്കം കുറഞ്ഞെങ്കിലും ഇന്ത്യൻ ഓഹരിവിപണി തിരിച്ചുവരവിന്റെ പാദയിലേക്ക് ഇനിയും പ്രവേശിച്ചിട്ടില്ല. ആഗോളവിപണികളിലെ മാന്ദ്യം ഫണ്ടുകളെ ബാധ്യതകളിൽനിന്ന് പിന്തിരിച്ചു. ഡെയ്ലി ചാർട്ടിൽ ബോംബെ സെൻസെക്സും നിഫ്റ്റിയും ഓവർ സോൾഡായതിനാൽ താഴ്ന്ന റേഞ്ചിൽ പുതിയ ബയിംഗിനുള്ള സാധ്യതകൾ ഉടലെടുക്കാം.
സെൻസെക്സ് 1060 പോയിന്റും നിഫ്റ്റി 305 പോയിന്റും പ്രതിവാരനഷ്ടത്തിലാണ്. മൂന്നു ശതമാനത്തോളം നഷ്ടത്തിൽ നീങ്ങുന്ന വിപണിയിൽ ഈ വാരം കാര്യമായ ചാഞ്ചാട്ടങ്ങൾക്ക് ഇടയില്ല. ശിവരാത്രി മൂലം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങുമെന്നതിനാൽ ബോട്ടം ഫിഷിംഗിന് വിദേശ ഓപ്പറേറ്റർമാർ നീക്കം നടത്താം.
അമേരിക്കൻ, യൂറോപ്യൻ വിപണികളെല്ലാംതന്നെ വില്പനക്കാരുടെ നിയന്ത്രണത്തിലാണ്. അമേരിക്കയിലെയും യൂറോപ്പിലെയും പ്രമുഖ സൂചികകൾക്ക് നാലു ശതമാനം തിരിച്ചടി നേരിട്ടു. ഏഷ്യൻ മാർക്കറ്റുകളിലെ തകർച്ച രണ്ടു ശതമാനത്തിൽ ഒതുങ്ങിയത് നിക്ഷേപകർക്ക് ആശ്വാസമായി. ജപ്പാൻ, ഹോങ്കോംഗ്, ചൈന, ഇന്ത്യൻ സൂചികകൾ എല്ലാം നഷ്ടത്തിലാണ്.
സെൻസെക്സ് റിക്കാർഡ് തലമായ 36,268ൽനിന്നു വീക്ഷിച്ചാൽ 32,686 പോയിന്റ് വരെ തിരുത്തൽ തുടരാം. വാരാന്ത്യം സെൻസെക്സ് 34,005ലാണ്. കഴിഞ്ഞവാരം 34,828ൽനിന്നുള്ള തകർച്ചയിൽ 33,550 വരെ താഴ്ന്നിരുന്നു. ഈ വാരം 33,427ലെ താങ്ങ് നിലനിർത്താനായാൽ 34,705ലേക്കും തുടർന്ന് 34,405ലേക്കും സൂചിക മുന്നേറാം. എന്നാൽ, ആദ്യ സപ്പോർട്ട് നിലനിർത്താനായില്ലെങ്കിൽ 32,849ലേക്കും തുടർന്ന് 32,149 പോയിന്റിലേക്കും ഫെബ്രുവരി സീരീസ് സെന്റിൽമെന്റിനു മുന്പായി സാങ്കേതിക പരീക്ഷണങ്ങൾക്ക് വിപണി സാക്ഷ്യം വഹിക്കാം.
സെൻസെക്സിന്റെ മറ്റു സാങ്കേതികവശങ്ങൾ നിരീക്ഷിച്ചാൽ ഡെയ്ലി ചാർട്ട് ഡബ്ല്യു ഫോർമേഷനുള്ള ശ്രമത്തിലാണ്. പാരാബോളിക് എസ്എആർ, സൂപ്പർ ട്രെൻഡ് തുടങ്ങിയവ സെല്ലിംഗ് മൂഡിലാണ്. എന്നാൽ, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ സോൾഡായത് തിരിച്ചുവരവിന് അവസരമൊരുക്കാം. അതേസമയം, വീക്ക്ലി ചാർട്ടിൽ സെപ്റ്റംബറിനു ശേഷം ആദ്യമായി പാരാബോളിക് സെല്ലിംഗ് മൂഡിലേക്കു തിരിയുന്നത് സൂചികയുടെ മുന്നേറ്റസാധ്യതയ്ക്കു നിയന്ത്രണം വരുത്താം.
നിഫ്റ്റി 10,690ൽനിന്നുള്ള വില്പനതരംഗത്തിൽ 10,300ലെ താങ്ങ് ഒരു വേള നഷ്ടമായെങ്കിലും വാരാവസാനം സൂചിക 10,496ലേക്ക് ഉയർന്നു. വാരമധ്യം വരെ 10,284ലെ സപ്പോർട്ട് നിലനിർത്തിയാൽ 10,698-10,901 പോയിന്റ് ലക്ഷ്യമാക്കി വിപണി നീങ്ങും. അതേസമയം, ആദ്യ സപ്പോർട്ട് നഷ്ടമായാൽ 10,073-9,870ലേക്കു പരീക്ഷണങ്ങൾ നടക്കാം.
മുൻനിരയിലെ പത്തു കന്പനികളുടെ വിപണിമൂല്യത്തിൽ പിന്നിട്ടവാരം 1,11,986.87 കോടി രൂപയുടെ നഷ്ടം. മുൻനിര ഐടി കന്പനിയായ ടിസിഎസിന്റെ മൂല്യത്തിൽ 33,854.18 കോടി രൂപയുടെ ഇടിവ്. ആർഐഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, മാരുതി, എസ്ബിഐ, ഇൻഫോസിസ്, ഒഎൻജിസി തുടങ്ങിയവയ്ക്കും തിരിച്ചടി.
വിദേശ ഓപ്പറേറ്റർമാർ ഏഴു പ്രവൃത്തിദിനങ്ങളിൽ 3,838 കോടി രൂപ ഇന്ത്യയിൽനിന്നു പിൻവലിച്ചു. ജനുവരിയിൽ 13,780 കോടി രൂപയാണ് അവർ നിക്ഷേപിച്ചത്. അതേസമയം, ഓപ്പറേറ്റർമാർ കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 4,600 കോടി രൂപ കടപ്പത്രത്തിൽ ഇറക്കി. കോർപറേറ്റ് മേഖലയിൽനിന്നുള്ള മികച്ച പ്രവർത്തന റിപ്പോർട്ടുകളും ക്രൂഡ് ഓയിൽവില കുറയുന്നതുമെല്ലാം വിദേശഫണ്ടുകളെ വീണ്ടും നിക്ഷേപകരാക്കാം. ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 64.33ലാണ്.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. രണ്ടു വർഷത്തിനിടെ ആദ്യമായി ഒരാഴ്ചയ്ക്കിടയിൽ ബാരലിന് 3.2 ശതമാനം താഴ്ന്ന് വാരാന്ത്യം 58.07 ഡോളറിലാണ്. ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നതും പ്രമുഖ കറൻസികൾക്കു മുന്നിൽ ഡോളറിന്റെ തിരിച്ചുവരവും ഓപ്പറേറ്റർമാരെ എണ്ണ അവധിയിൽ വില്പനക്കാരാക്കി.