തൊടുപുഴ: നിർത്തിയിട്ടിരുന്ന ട്രെയിലർ ലോറിക്കു പിന്നിൽ ബൈക്കിടിച്ച് നവവരൻ മരിച്ചു. വഴിത്തല കൂവപ്ലാക്കൽ കലാമിന്റെ മകൻ ഹമി. കെ.മനീഷ് (31) ആണ് മരിച്ചത്. ഭാര്യ ഹൈബയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇന്നലെ പുലർച്ചെ അഞ്ചോടെ വഴിത്തല മൂഴിക്കൽ പന്പിനു സമീപമായിരുന്നു അപകടം. ഹൈബയുടെ വല്യച്ഛന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിനു ആലുവയിലേക്ക് വഴിത്തല പാറയിലുള്ള വീട്ടിൽ നിന്നും പോകുകയായിരുന്നു ഇരുവരും.
വീട്ടിൽ നിന്നും ഒന്നര കിലോമീറ്ററോളം പിന്നിട്ടപ്പോഴായിരുന്നു അപകടം. ഹിറ്റാച്ചിയുമായി വന്ന നാഷണൽ പെർമിറ്റ് ലോറിക്കു പിന്നിലാണ് ബൈക്ക് ഇടിച്ചു കയറിയത്. ലോറി റോഡിലേക്കു കയറ്റി പാർക്കു ചെയ്തിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഹമിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരിങ്കുന്നം എസ്ഐ പി.എസ്.നാസറിന്റെ നേതൃത്വത്തിൽ മേൽ നടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം കബറടക്കി. അപകടകരമായ രീതിയിൽ ലോറി പാർക്കു ചെയ്തതിനു ഡ്രൈവർ മധുര സ്വദേശി പാണ്ടി (44) ക്കെതിരെ പോലീസ് കേസെടുത്തു.