ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ മോഹവില നല്കിയാണെങ്കിൽപോലും ഓമനമൃഗങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നവരാണ് മൃഗസ്നേഹികൾ. അത്തരത്തിൽ ഒരു കുതിരയെ വാങ്ങാൻ ശ്രമിച്ച സൽമാൻ ഖാന് ഇളിഭ്യനായി പിന്തിരിയേണ്ടിവന്നു.
അമേരിക്കയിലും കാനഡയിലും കണ്ടുവരുന്ന അപൂർവ ഇനത്തിൽപ്പെട്ട കുതിരയെ രണ്ടു കോടി രൂപ നല്കി സ്വന്തമാക്കാനാണ് ബോളിവുഡ് താരം സൽമാൻ ഖാൻ ശ്രമിച്ചത്. എന്നാൽ, ഉടമ അതു നിരാകരിച്ചു. അഹമ്മദാബാദ് സ്വദേശിയായ സിറാജ് ഖാൻ പഠാൻ ആണ് സക്കീബ് എന്നു പേരുള്ള കുതിരയുടെ ഉടമ.
ഇത്രയധികം തുക നല്കാമെന്നു വാഗ്ദാനം ചെയ്തിട്ടും കുതിരയെ വിൽക്കുന്നില്ലെന്നു സിറാജ് ഖാൻ തീരുമാനിക്കുന്നത് ഇതാദ്യമായല്ല. മുന്പ് ഈ കുതിരയെ സ്വന്തമാക്കുന്നതിന് പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും ശ്രമം നടത്തിയിരുന്നു. 1.11 കോടി രൂപയാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.
ഇത്രയധികം തുക നല്കി കുതിരയെ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ നിരവധി കാരണങ്ങളുണ്ട്. കുതിരപ്പന്തയങ്ങളിൽ നിറസാന്നിധ്യമായ സക്കീബിന്റെ വേഗം മണിക്കൂറിൽ 43 കിലോമീറ്ററാണ്. കൂടാതെ 19 തവണ ചാന്പ്യനുമാണ്. രാജസ്ഥാനിൽ നടന്ന ഒരു മേളയിൽനിന്ന് 14.5 ലക്ഷം രൂപ നല്കിയാണ് സിറാജ് ഖാൻ ഈ കുതിരയെ സ്വന്തമാക്കിയത്.