അരീക്കോട്: കേരളത്തിലും തമിഴ്നാട്ടിലുമായി കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ വെറ്റിലപ്പാറ കരിപ്പറന്പൻ അയ്യപ്പനുണ്ണിയുടെ മകൻ ജയരാജനെ (38) അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ വിജെഎൽ, വികെഎൽ എന്നി പേരുകളിൽ ഡയറി ഫാമുകളുടെ ബ്രാഞ്ചുകൾ തുടങ്ങി ഷെയർ നൽകാൻ എന്ന പേരിൽ കോടികൾ ഏജന്റുകൾ വഴി വാങ്ങി ശേഷം മുങ്ങി നടക്കുകയായിരുന്നു.
തമിഴ്നാട് പോലീസ് പ്രതിക്ക് വേണ്ടി ലുക്ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 40 ഓളം കേസുകൾ രജിസ്റ്റർ ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അരീക്കോട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 16 കേസുകളിൽ പ്രതിയാണ് ജയരാജനെന്ന് പോലീസ് അറിയിച്ചു.
മലപ്പുറം ഡിവൈഎസ്പി ജലിൽ തോട്ടത്തിലിന്റെ നിർദേശപ്രകാരം അരീക്കോട് എസ്ഐ കെ.സിനോദിന്റെ നേതൃത്വത്തിൽ എഎസ്ഐ വിജയൻ എസ് സിപിഒ മനോജ് കുമാർ, വേലായുധൻ, സിപിഒ സിയാദ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ശശി കണ്ടറക്കാട്, സജീവ്, സലിം എന്നിവരടങ്ങുന്ന സംഘമാണ് നാലു വർഷമായി മുങ്ങിനടക്കുന്ന പ്രതിയെ പിടികൂടിയത്.