കേപ്ടൗണ്‍: മൃഗസംരക്ഷണ കേന്ദ്രത്തിൽ കടന്ന വേട്ടക്കാരനെ സിംഹക്കൂട്ടം കൊന്നു ഭക്ഷണമാക്കി. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിനു സമീപമാണ് വേട്ടക്കാരനെന്നു സംശയിക്കുന്നയാൾ സിംഹങ്ങളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ഇരയുടെ മൃതദേഹത്തിന്റെ അവശിഷ്ടത്തിൽ വളരെ കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളുവെന്നും ബാക്കി ഭാഗങ്ങൾ സിംഹങ്ങൾ ഭക്ഷണമാക്കിയെന്നും പോലീസ് അറിയിച്ചു.
ലിംപോപ്പോ പ്രവിശ്യയിലെ ഹോഡ്സ്പ്രൂട്ട് സ്വകാര്യ ഉദ്യാനത്തിനടുത്ത കുറ്റിക്കാട്ടിലാണ് കഴിഞ്ഞദിവസം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഈ മേഖലയിൽ അടുത്ത കാലത്ത് വന്യമൃഗങ്ങൾ വൻതോതിൽ വേട്ടയാടപ്പെടാറുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ വേട്ടയാടുന്നതിനിടെ വേട്ടക്കാരൻ കൊല്ലപ്പെടാനാണു സാധ്യതയെന്നും തലയും മറ്റ് ചിലഭാഗങ്ങളും മാത്രമാണ് മൃതദേഹത്തിൽ അവശേഷിക്കുന്നതെന്നും ലിംപോപ്പോ പോലീസ് വക്താവ് മോട്ഷെ എൻഗോപ് എഎഫ്പിയോടു പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾക്കടുത്തുനിന്ന് തിര നിറച്ച തോക്ക് കണ്ടെത്തി. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ പോലീസ് ശ്രമങ്ങൾ തുടരുകയാണ്.
കഴിഞ്ഞ വർഷം ലിംപോപ്പോ പ്രവിശ്യയിൽ നിരവധി സിംഹങ്ങളെ വിഷം ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സിംഹത്തിന്റെ ശരീരഭാഗങ്ങൾ പരന്പരാഗത ഒൗഷധങ്ങൾ നിർമിക്കുന്നതിനായി ഉപയോഗിക്കാറുണ്ട്.
ദക്ഷിണാഫ്രിക്കയിലെ വനമേഖലയിൽ കാണ്ടാമൃഗങ്ങളെയും വേട്ടക്കാർ കൊന്നൊടുക്കുകയാണ്. വിയറ്റ്നാം, ചൈന, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കാണ്ടാമൃഗത്തിന്റെ കൊന്പുകൾക്കുള്ള വൻ വിപണി സാധ്യത മുന്നിൽക്കണ്ടാണ് ഈ വേട്ടയാടൽ. ഈ കൊന്പുകൾക്ക് ഒൗഷധഗുണമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.