ആലപ്പുഴ: സ്വച്ഛ് ഭാരത് മിഷൻ ഇന്ത്യയിലെ വൃത്തിയും വെടിപ്പുമുള്ള നഗരങ്ങളെ തെരഞ്ഞെടുക്കാൻ നടത്തുന്ന ശുചിതാന്വേഷണ പരിശോധന ആലപ്പുഴയിൽ 19,20,21 തീയതികളിൽ നടക്കും. ആലപ്പുഴയുടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനെ തെരഞ്ഞെടുത്തതായി ധനമന്ത്രി ഡോ. തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു.
15 മുതൽ കനാൽശുചീകരണം ആധുനികയന്ത്ര സാമഗ്രികൾ ഉപയോഗിച്ചു ചെയ്തു തുടങ്ങും. കനാൽശുചീകരണത്തിനു സ്ഥിരം സംവിധാനം സംബന്ധിച്ചു പരിസ്ഥിതി പഠനം നടക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കനാലിലെ മണ്ണൊഴിച്ചു ചെളിമാത്രം മാറ്റാനുള്ള ടെൻഡർ ക്ഷണിച്ചു. ചെറുതോടുകളിലൂടെ വീടുകളിലെയും മറ്റും മാലിന്യങ്ങൾ കനാലിൽ നിരന്തരം പതിക്കുന്നതിനാൽ സ്ഥിരംസംവിധാനം ബുദ്ധിമുട്ടാണ്.
ഇതിനായി ആദ്യം ചെറുതോടുകൾ ശുചീകരിക്കാനാണ് പദ്ധതി. ഖരമാലിന്യ സംസ്കരണത്തിനായി എയ്റോബിക് സിസ്റ്റംപോലെ ജലമലിനീകരണം ഒഴിവാക്കാൻ അനെയറോബിക് സിസ്റ്റം സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതനുസരിച്ചു വീടുകളിൽ ടാങ്കുകൾ സ്ഥാപിച്ചു മലിനജലം ശേഖരിച്ചു ശുദ്ധിയാക്കും. കൂടാതെ ഉപ്പുവെള്ളം കടലിൽനിന്നും കനാലിലേക്കു കയറ്റി 14 ദിവസം കഴിഞ്ഞു തിരികെ കടലിലേക്കു വിടുന്ന സംവിധാനമൊരുക്കാനും പദ്ധതിയുണ്ട്.
ഇതിനു 200 കോടിയെങ്കിലും പദ്ധതി ചെലവു വരുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട് കുടിവെള്ള പദ്ധതി പ്രവർത്തനങ്ങൾ ഉൗർജിതമാക്കുമെന്നും 2019-20ൽ ഒരു വർഷം തണ്ണീർമുക്കം ബണ്ട് തുറന്നിടുമെന്നും മന്ത്രി പറഞ്ഞു. നഗരസഭയിലെ തോടുകൾ മുഴുവൻ വൃത്തിയാക്കുമെന്നും 100 കാമറകൾ സ്ഥാപിക്കുമെന്നും പത്രസമ്മേളനത്തിൽ മന്ത്രിയോടൊപ്പം പങ്കെടുത്ത നഗരസഭ ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. ഇതിനായി നഗരസഭ ബജറ്റിൽ പണം വകയിരുത്തും. നഗരത്തിൽ നാലിടത്തു പൊതുശൗചാലയം സ്ഥാപിക്കും.
അതിനായി ടെൻഡർ ക്ഷണിച്ചു. ആറുമാസത്തിനകം ആധുനിക അറവുശാല നിർമിക്കും. ആധുനിക മാർക്കറ്റും സ്ഥാപിക്കുമെന്നും ചെയർമാൻ പറഞ്ഞു. പത്രസമ്മേളനത്തിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മനോജ് കുമാർ, ബി. മെഹബൂബ്, ഷോളി സിദ്ധകുമാർ, കൗണ്സിലർ എം.ആർ. പ്രേം, നഗരസഭ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.