മുണ്ടക്കയം: വിവാഹത്തിനു സമ്മതിച്ചില്ല, യുവതിയുടെ വീടും ഇവര്‍ അഭയം തേടിയവീടും രണ്ടംഗസംഘം അടിച്ചുതകര്‍ത്തു. പത്തുപേര്‍ക്ക് പരിക്ക്. കൂട്ടിക്കല്‍ മാത്തുമലയില്‍ ഞായറാഴ്ച രാത്രി 11.30ഓടെയുണ്ടായ ആക്രമണത്തില്‍ മണല്‍പ്പാറയില്‍ വിജയന് (49), ഭാര്യ രാധാമണി (48), മകള്‍ അഞ്ജുമോള്‍ (20), മകന് അരുണ്‍ (26), അരുണിന്റെ ഭാര്യ വിജി (25), മക്കളായ ആരുഷ് (രണ്ട്), അരുണിമ (അഞ്ച്) അയല്‍വാസി പ്ലാത്തോട്ടം സൂസമ്മ (55), മകള്‍ രമ്യാ (26), രമ്യയുടെ ഭര്‍ത്താവ് ദീപു (32)എന്നിവര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രി11.30ഓടെയാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനില്‍, വിജയന്റെ മകളെ വിവാഹം കഴിച്ചുനല്കണമെന്നയാവശ്യം ഉന്നയിച്ചിരുന്നു. ഇത് വിജയൻ സമ്മതിച്ചിരുന്നില്ല. ഞായറാഴ്ച രാത്രി സുനിലും സഹോദരീ ഭര്‍ത്താവ് രാജേഷും ചേര്‍ന്നു വിജയന്റെ വീട്ടിലെത്തി വിളിച്ചുണര്‍ത്തി വീണ്ടും വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും വിജയന് നിഷേധിച്ചതോടെ രണ്ടംഗസംഘം വിജയന്റെ വീടു തകര്‍ക്കുകയായിരുന്നു. വീടിനുളളില്‍ പ്രവേശിച്ച സംഘം വീട്ടുകാര്‍ക്കു നേരെ അക്രമം നടത്തുകയും വീട്ടുപകരണങ്ങളും വീടും തകര്‍ക്കുകയുമായിരുന്നു.
തുടര്‍ന്നു വീട്ടുകാര്‍ വീട്ടില്‍ നിന്നു കുഞ്ഞുങ്ങളുമായി ഓടി സമീപത്തെ സൂസമ്മയുടെ വീട്ടില്‍ അഭയം തേടിയെങ്കിലും ഇവിടെയും അക്രമം നടത്തുകയായിരുന്നുവത്രെ. നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്നു മുണ്ടക്കയത്തുനിന്നു പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു മാത്തുമല പുതുപ്പറമ്പില്‍ സുനില്‍(28), സഹോദരീ ഭര്‍ത്താവ് രാജേഷ് (30)എന്നിവരെ പ്രതികളാക്കി മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.