തൃശൂർ: കാമുകൻ ചതിച്ച യുവതിയെ സഹായ വാഗ്ദാനം നൽകി പീഡിപ്പിച്ച സുഹൃത്തിന് ഏഴു വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. പാഞ്ഞാൾ പൂളക്കൽ പറന്പിൽ ഹുസൈനെയാണ്(35) തൃശൂർ ഒന്നാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി കെന്നത്ത് ജോർജ് ശിക്ഷിച്ചത്.
2011ലാണ് സംഭവം. കണ്ണൂർ സ്വദേശിനിയായ പത്തൊന്‍പതുകാരി കാമുകനായ സന്തോഷിനെ തേടി ഷൊർണൂരിൽ എത്തിയതായിരുന്നു. എന്നാൽ ഇയാൾ ഷൊർണൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ യുവതിയെ കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചശേഷം മുങ്ങി. കേസിൽ സന്തോഷിനെതിരെ ചെറുതുരുത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
പിന്നീട് സന്തോഷിന്റെ സുഹൃത്തായ ഹുസൈൻ പെണ്‍കുട്ടിയെ രക്ഷിക്കാനെന്ന വ്യാജേന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. യാത്രക്കിടയിൽ ആളൊഴിഞ്ഞ റബർ എസ്റ്റേറ്റിൽവച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. തുടർന്ന് പുലർച്ചെ മൂന്നു മണിയോടെ യുവതിയെ ചെറുതുരുത്തി റെയിൽവേ സ്റ്റേഷനിലെത്തിച്ച് ഇയാൾ മുങ്ങി. അവശനിലയിലായ യുവതിയെ കണ്ടെത്തിയ റെയിൽവേ പൊലീസും ജീവനക്കാരും ചെറുതുരുത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വടക്കാഞ്ചേരി സിഐ ആയിരുന്ന മുരളീധരനാണ് അന്വേഷണം നടത്തിയത്. ഡോക്ടർ ഉൾപ്പെടെ 12 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവണ്മെന്റ് പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ ജോണ്സണ് ടി. തോമസ്, അഭിഭാഷകരായ എം.പി. ഷിജു, ഇ.എച്ച്. ഹരിപ്രിയ എന്നിവർ ഹാജരായി. പിഴ സംഖ്യ ഇരയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം.