പഴയങ്ങാടി: രണ്ടു കുട്ടികളുമായി റെയിൽവേ ട്രാക്കിൽ കയറിനിന്ന യുവതി നാട്ടുകാരെയും പോലീസിനെയും മുൾമുനയിലാക്കി. മാടായിയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കർണാടക സ്വദേശിനിയായ 35 കാരിയാണ് ഞായറാഴ്ച വൈകുന്നേരം രണ്ടും ഏഴും വയസുള്ള കുട്ടികളെ എടുത്ത് റെയിൽവേ ട്രാക്കിൽ കയറിനിന്നത്.
സംഭവമറിഞ്ഞ് പഴയങ്ങാടി എസ്ഐ പ്രേമന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും മാടായി പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ആബിദ എന്നിവരും സ്ഥലത്തെത്തി. ഇവർ ഏറെനേരം അനുനയിപ്പിച്ചാണ് യുവതിയെ ട്രാക്കിൽ നിന്ന് മാറ്റിയത്.
മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതിയെ തലശേരി സിജെഎം കോടതിയിൽ ഹാജരാക്കിയതിന് ശേഷം ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കുട്ടികളെ പട്ടുവം, മാട്ടൂൽ എന്നിവിടങ്ങളിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.