പോര്‍ട്ട് എലിസബത്ത്: കഴിഞ്ഞ മത്സരത്തിലെ തോല്‍വി മറന്ന് ഇന്ത്യ വീണ്ടും ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടാനായി ഒരുങ്ങുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് പോര്‍ട്ട് എലിസബത്തില്‍ നടക്കും. ആറു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്നു മത്സരം ജയിച്ച ഇന്ത്യ നാലാം ഏകദിനത്തില്‍ തോറ്റിരുന്നു. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടും.
നാലാം ഏകദിനത്തിനു മുമ്പ് വരെ ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍മാരും (കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍) ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരും തമ്മിലുള്ള മത്സരമായിരുന്നു. എന്നാല്‍ ജൊഹന്നാസ്ബര്ഗില് രണ്ടു തവണ പെയ്ത മഴ ബാറ്റിംഗിലും ബൗളിംഗിലുമുള്ള ഇന്ത്യയുടെ പിടി അയച്ചു. നാലാം ഏകദിനത്തില്‍ തിരിച്ചെത്തിയ എ.ബി. ഡിവില്യേഴ്സിന്റെ വരവോടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനു പുതിയ ഊർജം ലഭിച്ചിരി ക്കുകയാണ്.
ഡിവില്യേഴ്സ് ഇട്ടുകൊടുത്ത ആവേശത്തിലാണ് പിന്നീടെത്തിയ ബാറ്റ്സ്മാന്മാര് ഇന്ത്യൻ സ്പിന്നര്‍മാരെ ആക്രമിച്ച് കളിച്ച് ജയിച്ചത്. ട്വന്റി 20 ശൈലിയിലേക്കു കളി മാറിയതോടെ ഡേവിഡ് മില്ലറും ഹെന്റിച്ച് ക്ലാസനും അനായാസമായി റിസ്റ്റ് സ്പിന്നര്‍മാരെ നേരിട്ടു. പന്തില്‍ ടേണും ബൗണ്‍സും നഷ്ടമായ സ്പിന്നര്‍മാര്‍ക്ക് ഒന്നും ചെയ്യാനാവാത്തിടത്ത് ജൊഹന്നാസ്ബര്ഗില് പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരെ ആശ്രയിക്കാതിരുന്നത് ഏവരുടെയും നെറ്റിചുളിച്ചു.
മഴയെത്തുടര്‍ന്നു നനഞ്ഞ പന്തില്‍ ടേണ്‍ നഷ്ടമായ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ യഥേഷ്ടം റണ്‍സ് വഴങ്ങി. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര് ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടാന്‍ പഠിച്ചെടുത്തോ എന്ന് ഇനിയും സംശയമാണ്.
പോര്‍ട്ട് എലിസബത്തില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ടീം സെലക് ഷന് നിര്‍ണായകമാകും. പാര്‍ട്ട് ടൈം ബൗളറായി ഉപയോഗിക്കാവുന്ന കേദാര്‍ ജാദവിന്റെ പരിക്ക് ഇന്ത്യക്കു തലവേദനയാണ്. ജാദവിന്റെ ബൗളിംഗ് ചാഹല്‍, യാദവ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്നതായിരുന്നു. പേസറായ ഹര്‍ദിക് പാണ്ഡ്യക്കു ബൗളിംഗ് ക്വോട്ട പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കോഹ്ലിക്കു വിശ്വസിച്ച് പന്തേല്‍പ്പിക്കാന്‍ പറ്റുന്നയാളായിരുന്നു ജാദവ്.
ജാദവിനു പകരം ഒരാളെന്നു എടുത്തു പറയാന്‍ ആളില്ല. ഭേദം രോഹിത് ശര്‍മയാണ്. 2016 ജനുവരിയില്‍ പെര്‍ത്തിലാണ് ശര്‍മ അവസാനമായി ഏകദിനത്തില്‍ ബൗള്‍ ചെയ്തത്. ശ്രേയസ് അയ്യര്‍ ലെഗ് ബ്രേക്കില്‍ പരിശീലനം നടത്തുന്നുണ്ട്. ശ്രീലങ്കയ്ക്കെതിരേയുള്ള അരങ്ങേറ്റ പരമ്പരയില്‍ അയ്യര്‍ ഒരു ഓവര്‍ എറിഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ രണ്ടു പേരെയും ജാദവിനെ പോലെ വിശ്വസിക്കാനാവില്ല. പിന്നെയുള്ളത് കോഹ് ലിയാണ്. നായകന് പേസാണ് കൈകാര്യം ചെയ്യുന്നത്.
ജാദവിന്റെ പരിക്ക് ബൗളിംഗിനെ ബാധിച്ചതിനൊപ്പം മികവിലെത്താത്ത മധ്യനിരയിലെ ബാറ്റിംഗിനെ ബാധിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ നാലാമനായി ഇറങ്ങിയ 79 റണ്‍സ് നേടിയ അജിങ്ക്യ രഹാനെ അടുത്ത മത്സരങ്ങളില്മങ്ങി. പാണ്ഡ്യയാണെങ്കില്‍ ആദ്യ ടെസ്റ്റിനു ശേഷം ഫോമിലെത്തിയിട്ടില്ല. തളര്‍ച്ച നേരിടുന്ന മധ്യനിരയില്‍ മുന്‍ നായകന് എം.എസ്. ധോണി മാത്രമാണു ഭേദപ്പെട്ട പ്രകടനം നടത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ 43 പന്തില്‍ 42 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു. മധ്യനിരയുടെ തകര്‍ച്ച ജൊഹന്നാസ്ബര്ഗില് ഇന്ത്യയെ മികച്ച സ്കോറിലെത്തുന്നതില്നിന്നു തടഞ്ഞു.
മുന്‍നിരയില്‍ രോഹിത് ശര്‍മ ഇതുവരെ മികവിലെത്തിയിട്ടില്ല. നാല് ഏകദിനങ്ങളില്‍ ആകെ 40 റണ്‍സാണ് നേടിയിരിക്കുന്നത്. കോഹ്ലിയും (393 റണ്‍സ്), ശിഖര്‍ ധവാനും (271 റണ്‍സ്) മാത്രമാണ് ഇന്ത്യയുടെ ബാറ്റിംഗിനെ ശക്തമാക്കുന്നത്. മറ്റുള്ള ബാറ്റ്സ്മാന്മാരെല്ലാം ചേര്‍ന്ന് ആകെ എടുത്തത് 239 റണ്‍സ് ആണ്.
നാലാം ഏകദിനത്തില്‍ ഇന്ത്യയെ വന്‍ സ്കോറിലെത്തുന്നതില്നിന്നു തടഞ്ഞ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ കൂടുതല്‍ മികവാണ് പോര്‍ട്ട് എലിസബത്തില്‍ പ്രതീക്ഷിക്കുന്നത്. ഇമ്രാന് താഹിറിനെ ഒഴിവാക്കി നാലാം ഏകദിനത്തിനിറങ്ങിയ ആതിഥേയര്‍ ജെ.പി. ഡുമിനിയെയാണ് സ്പിന്നറായി ഉപയോഗിച്ചത്. ഇന്നത്തെ മത്സരത്തില്‍ താഹിര്‍ ടീമിലെത്തും. പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ്സ് പാര്‍ക്കില്‍ കഴിഞ്ഞ രണ്ട് ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നർമാർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരേ 26 റണ്‍സിന് 3 വിക്കറ്റ് താഹിർ വീഴ്ത്തിയിരുന്നു. 2016 ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കെതിരേ രണ്ടു സ്പിന്നര്‍മാരെ ഇറക്കിയ ദക്ഷിണാഫ്രിക്ക നേട്ടം സ്വന്തമാക്കി. തബ്രാസി ഷംസി 36ന് മൂന്നു വിക്കറ്റും രണ്ടാം സ്പിന്നറായ ആരോണ്‍ ഫാന്‍ഗിസോ 17ന് രണ്ടു വിക്കറ്റും സ്വന്തമാക്കി.
ദക്ഷിണാഫ്രിക്ക ഈ ഗ്രൗണ്ടില്‍ 32 കളിയില്‍ 11 എണ്ണത്തില്‍ തോറ്റു. ഇതില്‍ ആറെണ്ണം കഴിഞ്ഞ പതിറ്റാണ്ടിലായിരുന്നു. ഇവിടെ ഓരോ ഹോം സമ്മറിലും ദക്ഷിണാഫ്രിക്ക തോറ്റിട്ടുണ്ട്. ഇന്ത്യക്കിവിടെ ഇതുവരെ ജയിക്കാനായിട്ടില്ല. 1992 മുതല്‍ ഇവിടെ കളിച്ച അഞ്ചു കളിയിലും പരാജയമായിരുന്നു. ഇതിലെ നാലെണ്ണം ദക്ഷിണാഫ്രിക്കയോടും ഒരണ്ണം 2001-02ല്‍ നടന്ന ത്രിരാഷ് ട്ര പരമ്പരയില്‍ കെനിയയോടുമായിരുന്നു.
ഇന്ത്യ പോര്‍ട്ട് എലിസബത്തില്‍ ഇതുവരെ 200നു മുകളില്‍ സ്കോര്‍ ചെയ്തിട്ടില്ല. 2001ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നേടിയ 176 ആണ് ഉയര്‍ന്ന സ്കോര്‍. പഴയതെല്ലാം പിന്നിലാക്കി പുതിയ ചരിത്രമെഴുതാനാണ് കോഹ് ലിയും സംഘവും നാളെ ഇറങ്ങുക.