കൊട്ടാരക്കര: കൊടിക്കുന്നിൽ എംപിയുടെ നേതൃത്വത്തിൽ എഴുകോൺ ഇഎസ് ഐ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയപ്പോൾ കോൺഗ്രസ് ഭവനിൽ ബ്ലോക്ക് ജനറൽ ബോഡി യോഗം.എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ആണ് കോൺഗ്രസ് ഭവനിൽ നടന്നത്. കൊടിക്കുന്നിൽ സുരേഷ് എംപി യോട് ഏഴുകോണിലെ കോൺഗ്രസ് പ്രവർത്തകർക്കുള്ള വിയോജിപ്പാണ് രണ്ട് പരിപാടികളും ഒരേ സമയം നടക്കാൻ കാരണം. രണ്ട് പരിപാടികളുടെയും സമയം രാവിലെ 10 നാണ് നിശ്ചയിച്ചിരുന്നത്.
എഴുകോണിലെ കോൺഗ്രസ് നേതൃത്വവും കൊടിക്കുന്നിൽ സുരേഷുമായിട്ടുള്ള അകൽച്ച കാലങ്ങളായി നിലനിൽക്കുന്നതാണ്. കൊടിക്കുന്നിൽ എ ഗ്രൂപ്പ് നേതാവായി തുടർന്നപ്പോഴും പ്രത്യക്ഷത്തിൽ തന്നെ ഈ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. അന്തരിച്ച കോൺഗ്രസ് നേതാവ് വി. സത്യശീലനായിരുന്നു അന്ന് ഈ എതിർപ്പിന് മൂർച്ച കൂട്ടിയി രുന്നതെങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ സവിൻ സത്യനാണ് ഈ വിഭാഗത്തിന്റെ അമരത്ത്.
കൊടിക്കുന്നിൽ എ ഗ്രൂപ്പിന് അനഭിമതനായതോടെ ഈ എതിർപ്പിന് ശക്തി കൂടുകയും ചെയ്തു. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ സവിൻ സത്യൻ സ്ഥാനാർഥിയായതോടെ അതിനെതിരെ കൊടിക്കുന്നിൽ പരസ്യമായ നിലപാട് സ്വീകരിച്ചതും അന്ന് വിവാദമായിരുന്നു.
കൊടികുന്നിലിന്റെ ഇഎസ്ഐ ആശുപത്രി മാർച്ച് എഴുകോണിലെ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നില്ലായെന്ന് നേതൃത്വം വ്യക്തമാക്കുന്നു. സംഘടനാപരമായ അറിയിപ്പുകളോ ആലോചനാ യോഗങ്ങളോ ഉണ്ടായിരുന്നില്ല. കൊടിക്കുന്നിലിന്റെ വ്യക്തി പ്രഭാവം എടുത്തു കാട്ടാനുള്ള സ്വകാര്യ സമരമാണിതെന്ന് അവർ ആരോപിക്കുന്നു.
ഇത് സംബന്ധിച്ച് ഏഴുകോണിലെ കോൺഗ്രസ് നേതൃത്വം എ. ഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധിക്കും കെപിസിസി പ്രസിഡന്റിനും പരാതി നൽകിയതായാണ് അറിയുന്നത്. കൊടികുന്നിലിന് ആത്മാർഥത ഉണ്ടായിരുന്നുവെങ്കിൽ തിരുവനന്തപുരത്തോ ഡൽഹിയിലോ ഉളള ഇഎസ്ഐ ആസ്ഥാനങ്ങൾക്ക് മുന്നിലാണ് സമരം നടത്തേണ്ടിയിരുന്നതെന്നും അവർ പറയുന്നു.
അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് വി. സത്യശീലനന്റെ ഒന്നാം ചരമ വാർഷിക ആചരണത്തെ കുറിച്ച് ആലോചിക്കുന്നതിനുവേണ്ടിയാണ് കോൺഗ്രസ് ബ്ലോക്ക് ജനറൽ ബോഡി യോഗം ചേർന്നതെന്ന് നേതൃത്വം വ്യക്തമാക്കി. –
അതേസമയം നോട്ടീസ് അനൗൺസ്മെന്റ് ഫ്ളക്സ് തുടങ്ങിയ പ്രചാരണ പരിപാടികളിൽ ഒന്നും തന്നെ ഉദ്ഘാടകന്റെ പേര് വയ്ക്കാതെ തിരുവഞ്ചൂരിനെ പോലെയുള്ള നേതാക്കളെ കബളിപ്പിക്കുകയാണ് എംപി ചെയ്തതെന്ന് എഴുകോൺ ബ്ലോക്ക് കോൺഗ്രസ് നേതൃത്വം പറഞ്ഞു.