തിരുവനന്തപുരം: കെ.എം.മാണിക്കെതിരേ കോഴയാരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വെളിപ്പെടുത്തലുമായി രംഗത്ത്. ഭരണം കിട്ടിയാൽ പൂട്ടിയ ബാറുകൾ എല്ലാം തുറക്കാമെന്ന് സിപിഎം ഉറപ്പ് നൽകിയിരുന്നുവെന്ന നിർണായക വെളിപ്പെടുത്തലാണ് ബിജു രമേശ് നടത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് വി.എസ്.അച്യുതാനന്ദനെയും പിണറായി വിജയനെയും താൻ കണ്ടിരുന്നുവെന്നും ബിജു രമേശ് വെളിപ്പെടുത്തി.
തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരം ലഭിച്ചതോടെ സിപിഎം വാഗ്ദാനങ്ങൾ ലംഘിക്കുകയായിരുന്നു. ത്രീസ്റ്റാർ വരെയുള്ള ബാറുകൾ തുറക്കാൻ പിണറായി സർക്കാർ തയാറായെങ്കിലും എൽഡിഎഫ് നടത്തിയ വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ച് ബിജു രമേശ് തന്റെ ഉടമസ്ഥതയിലുള്ള ബാറുകളൊന്നും തുറന്നിരുന്നില്ല. ഇത്തരത്തിലല്ല സിപിഎം വാഗ്ദാനം നൽകിയിരുന്നതെന്നും വാഗ്ദാനങ്ങൾ പാലിക്കാതെ തന്റെ മാത്രം ബാറുകൾ തുറക്കാൻ തയാറല്ലെന്നുമാണ് ബിജു രമേശിന്റെ നിലപാട്.
എൽഡിഎഫിന്റെ മഹത്വംകൊണ്ടൊന്നുമല്ല ഭരണത്തിൽ കയറിയതെന്നും കെ.എം.മാണിയുടെ അഴിമതികൾ താൻ വിളിച്ചുപറഞ്ഞതുകൊണ്ടാണെന്നും ബിജു രമേശ് പറഞ്ഞു. ബാർകോഴ കേസിൽ നിന്നും മാണിയെ ഒഴിവാക്കിയാൽ സിപിഎം വഞ്ചിച്ചുവെന്ന് തന്നെ പറയേണ്ടി വരും. മാണിയെ വെള്ളപൂശുന്പോൾ എൽഡിഎഫ് തന്നെ മാത്രമല്ല, മുന്നണിയുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് വഞ്ചിക്കുന്നത്.
സിപിഎം പിന്തുണയില്ലാതെ ബാർകോഴ കേസിൽ നിന്ന് മാണിക്ക് രക്ഷപെടാൻ കഴിയില്ല. മാണിക്കെതിരേ രംഗത്തിറങ്ങാൻ പ്രോത്സാഹിപ്പിച്ചവർ അദ്ദേഹവുമായി മറുവശത്ത് കൂടി ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നത് നിരാശാജനകമാണെന്നും ബിജു രമേശ് ആരോപിച്ചു.