ഓവര്‍നൈറ്റ് സെലിബ്രിറ്റിയായ പ്രിയ തീര്‍ച്ചയായും മനപാഠമാക്കേണ്ട ചില ചോദ്യോത്തരങ്ങള്‍! സെലിബ്രിറ്റി ഗ്രൂമിംഗ് ടിപ്‌സ് എന്ന പേരില്‍ യുവാവ് തയാറാക്കിയ ചിരിയുണര്‍ത്തുന്ന കുറിപ്പ് വൈറലാവുന്നു

ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ സിനിമാ ആരാധകരുടെ മനസ് കവര്‍ന്ന പ്രിയ വാര്യര്‍ എന്ന പെണ്‍കുട്ടിയ്ക്കുള്ള ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ അംഗമായ ശ്രീഹരി ശ്രീധരന്റെ സെലിബ്രിറ്റി ഗ്രൂമിങ് ടിപ്പ്‌സുകളാണ് പ്രിയയുടെ പാട്ടിനേക്കാള്‍ വേഗത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഓവര്‍നൈറ്റ് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയ പ്രിയ വാര്യരുടെ ഇന്റര്‍വ്യൂ ‘വനിതാലക്ഷ്മി’ മാഗസീന്‍കാര്‍ ഇതിനോടകം തന്നെ ബുക്ക് ചെയ്തിരിക്കുമെന്നും സിമ്പിളായി എങ്ങിനെ ഇത്തരം ഇന്റര്‍വ്യൂകള്‍ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ച് ടിപ്പ് പങ്കു വെയ്ക്കുകയാണ് എന്നും പറഞ്ഞുകൊണ്ടാണ് ‘അഡാര്‍’ ടിപ്പ്സുമായി ശ്രീഹരി രംഗത്തെത്തിയത്. രസകരവും ചിരിയുണര്‍ത്തുന്നതുമായ ആ ടിപ്പ്‌സ് ഇങ്ങനെയാണ്…

പ്രിയ പി. വാര്യര്‍ക്കുള്ള സെലിബ്രിറ്റി ഗ്രൂമിങ് ടിപ്പുകള്‍.

ശ്രീമതി പ്രിയ ഇപ്പോള്‍ ഓവര്‍നൈറ്റ് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയിരിക്കുക ആണല്ലോ. ‘വനിതാലക്ഷ്മി’ മാഗസീന്‍ കാര്‍ ഇതിനോടകം തന്നെ ഇന്റര്‍വ്യൂ ബുക്ക് ചെയ്തിരിക്കും എന്ന് കരുതുന്നു. സിമ്പിളായി എങ്ങിനെ ഇത്തരം ഇന്റര്‍വ്യൂകള്‍ കൈകാര്യം ചെയ്യണം എന്ന് ടിപ്പ് പങ്കു വെയ്ക്കുന്നു.

?? എക്പക്റ്റഡ് ചോദ്യം ഒന്ന് : ‘ ഫേസ്ബുക്കിലും യൂട്യൂബിലും ഇപ്പോള്‍ മൊത്തം പ്രിയ ആണല്ലോ. വീഡിയോ ഇത്ര ഹിറ്റാകുമെന്ന് കരുതിയിരുന്നോ?’

കൂട്ടത്തില്‍ ഉത്തരം പറയാന്‍ ഏറ്റവും എളുപ്പമുള്ള ചോദ്യം ഇതാണ്. ‘ഒട്ടും പ്രതീക്ഷിച്ചില്ല’, ‘എല്ലാം ദൈവാനുഗ്രഹം’ ഈ രണ്ട് കീവേഡുകള്‍ ഉള്ള ഒന്നോ രണ്ടോ സെന്റന്‍സ് പറയുക. എല്ലാം സേയ്ഫാണ്.

??എ.ചോ.രണ്ട് : ‘എങ്ങനെയുണ്ടായിരുന്നു ആദ്യ സിനിമയുടെ ഷൂട്ടിങ് അനുഭവം?’

ഇതിന് സൂക്ഷിച്ചേ മറുപടി പറയാവൂ. ഷൂട്ടിങ് സ്ഥലത്ത് നല്ല കൊതുകായിരുന്നു. സെറ്റിലെ ബിരിയാണി മോശം. ഷോട്ടിനു വെയ്റ്റ് ചെയതപ്പോള്‍ ബോറഡിച്ചു ചത്തു എന്ന കാര്യങ്ങള്‍ മിണ്ടുകയേ അരുത്. ‘ഭയങ്കര ഫണ്‍ ആയിരുന്നു’, ‘ഷൂട്ടിങ് കഴിയും വരെ എല്ലാവരും ഒരു ഫാമിലി പോലെ ആയിരുന്നു’, ‘ശരിക്കുള്ള ഒരു ക്യാമ്പസില്‍ ജീവിക്കുന്ന പോലെ ആയിരുന്നു’ , ‘എല്ലാവരും നല്ല പോലെ എഞ്ചോയ് ചെയ്തു’, ‘ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ ആദ്യഷോട്ട് തന്നെ സംവിധായകന്‍ ഓകെ പറഞ്ഞപ്പോള്‍ ശ്വാസം നേരെ വീണു.’ ഇതൊക്കെ തരാതരം പോലെ ചേര്‍ത്തു പറയുക.

??എ.ചോ.മൂന്ന് : ആരാണ് പ്രിയയെ സപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതും എളുപ്പമുള്ള ചോദ്യമാണ്. അച്ഛന്‍, അമ്മ, ഫ്രണ്ട്സ്, ദൈവം , ലാലേട്ടന്‍, മമ്മൂക്ക, സംവിധായകന്‍ എന്നീ ഓര്‍ഡറില്‍ പറയുക. അനിയനാണ് എന്റെ ഏറ്റവും വലിയ ക്രിട്ടിക് എന്ന് പറയാന്‍ മറക്കരുത്.

??എ.ചോ. നാല് : ‘മമ്മൂക്കയുടെ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ സ്വീകരിക്കുമോ?’

വെരി ഡേഞ്ചറസ് ക്വസ്റ്റ്യന്‍. സൂക്ഷിച്ചേ അഭിപ്രായം പറയാവൂ. സത്യം ഒരിക്കലും പറയരുത്. സ്വന്തം അഭിപ്രായം പറയുകയേ ചെയ്യരുത്. പകരം താഴെ എഴുതിയത് ബൈഹാര്‍ട്ട് ചെയ്ത് വെച്ചേക്കുക. അതേ പടി പറയുക.

‘അയ്യോ ഞാന്‍ അത്രയ്ക്ക് വലിയ താരം ഒന്നും അല്ല കെട്ടോ. മമ്മൂക്കയെപ്പോലെ ഒരു ജീനിയസിന്റെ നായിക ആയി അഭിനയിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാതിരിക്കുക. വിളിച്ചാല്‍ തീര്‍ച്ചയായും പോകും.

??എ.ചോ. അഞ്ച് : ‘ മമ്മൂക്കയെ ആണോ ലാലേട്ടനെ ആണോ കൂടുതല്‍ ഇഷ്ടം’

പെട്ട്. പണി മില്‍ക്കും വെള്ളത്തില്‍ കിട്ടി എന്ന് കൂട്ടിയാല്‍ മതി. ഇതിനു ശരിയുത്തരം ഇല്ല.എനിക്ക് ടൊവീനോയെ ആണ് കൂടുതല്‍ ഇഷ്ടം എന്ന സത്യം ഒന്നും നാവില്‍ നിന്ന് വീഴരുത്. ഇതിന്റെയും ഉത്തരം ബൈഹാര്‍ട്ടാക്കുക.

‘രണ്ട് പേരും ആക്റ്റിങ് ജീനിയസുകള്‍ ആണ്. മലയാളികളുടെ മഹാഭാഗ്യമാണ് അവരെപ്പോലെ ഉള്ള ആക്റ്റേഴ്സ് ഇവിടെ ഉണ്ടായത്. എന്റെ ക്ലാസില്‍ പഠിച്ചിരുന്ന നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് വന്നിരുന്ന കുട്ടികളൊക്കെ ഇക്കായുടെയും ഏട്ടന്റെയും ഫാന്‍ ആയിരുന്നു. ഹോളിവുഡ് ആക്റ്റേഴ്സ് പോലും അഭിനയത്തില്‍ നമ്മുടെ ലാലേട്ടന്റെയോ മമ്മൂക്കയുടെയോ അടുത്തെത്തുമോ?

??എ.ചോ.ആറ് : ‘ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ധാരാളംഅവസരങ്ങള്‍ വരുന്നുണ്ടാകുമല്ലോ’

ഒറ്റ നോട്ടത്തില്‍ വലിയ പ്രശ്നം ഇല്ലാത്ത ചോദ്യം എന്ന് തോന്നുമെങ്കിലും സൂക്ഷിച്ചേ മറുപടി പറയാവൂ. സ്വഭാവശുദ്ധിയെ കൂടെയാണ് ഉന്നംവെയ്ക്കുന്നത്. മലയാളികളെ പിണക്കാതിരിക്കാനും ശ്രദ്ധിക്കണം.

‘ചില ഓഫറുകള്‍ ഒക്കെ വന്നിരുന്നു. ഒന്നും ഇത് വരെ ആക്സ്പറ്റ് ചെയ്തിട്ടില്ല. നമുക്ക് കംഫര്‍ട്ടബിള്‍ ആയ റോള്‍ ആണെങ്കില്‍ മാത്രമേ അഭിനയിക്കൂ. ചെറുതാണെങ്കിലും അഭിനയപ്രാധാന്യമുള്ള റോളാണെങ്കില്‍ സ്വീകരിക്കും. മലയാളത്തില്‍ ആണ് നല്ല സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത്. അത് കൊണ്ട് കൂടുതല്‍ ശ്രദ്ധ മലയാളത്തില്‍ തന്നെ ആയിരിക്കും. എന്നാലും നല്ല റോളുകള്‍ കിട്ടിയാല്‍ എല്ലാ ഭാഷയിലും അഭിനയിക്കാം.

??എ.ചോ.ഏഴ്: ‘ വിജയ് സിനിമയില്‍ നിന്നും ഓഫറുണ്ടെന്ന് കേട്ടല്ലോ’

ആരും ഒന്നും കേട്ടിട്ടില്ല. ചുമ്മാ തള്ളുന്നതാണ്. എന്ന് കരുതി ഡിനൈ ചെയ്യണ്ട.

‘ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്തിട്ടല്ല സംഭവിച്ചത്. എനിക്ക് വേണ്ടതെല്ലാം ദൈവം തരുമെന്ന പൂര്‍ണബോധ്യം ഉണ്ട്. എല്ലാം വരുന്നത് പോലെ നേരിടാന്‍ തയ്യാറാണ്. എല്ലാ ഫ്രീഫവും തന്നാണ് അച്ഛനും അമ്മയും വളര്‍ത്തിയത്. എന്റെ ഒരാഗ്രഹത്തിനും അവര്‍ നോ പറഞ്ഞിട്ടില്ല. വിജയ് സാര്‍ എത്ര ഗ്രേറ്റ് ആക്റ്ററാണ്. പക്ഷെ ഒട്ടും ജാഡയില്ല. റോളിന്റെ കാര്യം ഒന്നും തീരുമാനിച്ചിട്ടില്ല.

??എ.ചോ എട്ട്: ‘ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?’

ഒരുപാട് തരത്തില്‍ ഉത്തരം പറയാവുന്ന ചോദ്യമാണ്. ‘കോളേജില്‍ പഠിക്കുമ്പോള്‍ ഒന്ന് രണ്ട് പേരോട് ഇഷ്ടം തോന്നിയിരുന്നു. ഒക്കെ വണ്‍ വേ ആണ് കെട്ടോ’ ആ ഒരു ലൈന്‍ പിടിക്കുന്നതാണ് സേഫ്. ‘എന്നെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാള്‍ വന്നാല്‍ പ്രേമിക്കുന്ന കാര്യം ആലോചിക്കും’ എന്ന് കൂടെ ചേര്‍ത്താല്‍ തെറ്റില്ല.

??എ.ചോ.ഒമ്പത് :’എന്തൊക്കെയാണ് പ്രിയയുടെ ഹോബീസ്’

ഇത് തകര്‍ക്കാന്‍ പറ്റിയ ചോദ്യമാണ്. ഡാന്‍സാണ് എന്റെ ഏറ്റവും വലിയ പാഷന്‍ എന്ന് തട്ടിയേക്കണം. സിനിമയേക്കാള്‍ ഇഷ്ടം ഡാന്‍സാണ് എന്ന് പറയാന്‍ മറക്കരുത്. പിന്നെ ഉറക്കം, സ്റ്റാമ്പ് കളക്ഷന്‍, ക്രിക്കറ്റ് അങ്ങനെ തരം പോലെ എന്താന്നച്ചാല്‍ പറയാം.
?
അപ്പൊ സര്‍വമംഗളാനു ഭവന്തു.

 

Related posts