പൊച്ചെഫ്സ്ട്രൂം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്കു വിജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ വിജയം നുകർന്നത്. 48 പന്തിൽ 54 റണ്‍സ് നേടിയ മിതാലി രാജിന്റെ പ്രകടനമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 164. ഇന്ത്യ 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 168.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 38 റണ്‍സെടുത്ത ഡി വാൻ നീകേർക്കാണ് മുന്നിൽനിന്ന് പടനയിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച് ഏഴു പന്തിൽ 32 റണ്‍സെടുത്ത് പുറത്താകാതെനിന്ന കോൾ ട്രിയോണിന്റെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയ്ക്കു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. നാലു സിക്സും രണ്ടു ബൗണ്ടറിയും ട്രിയോണ്‍ പറത്തി. നാഡിൻ ഡി ക്ലർക്ക് (25 പന്തിൽ 30) ട്രിയോണിനു മികച്ച പിന്തുണ നൽകി. ഇന്ത്യക്കായി അനൂജ പട്ടേൽ രണ്ടു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കുവേണ്ടി സ്മൃതി മന്ദാനയും മിതാലി രാജും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. ഇന്ത്യൻ സ്കോർ 47ൽ നിൽക്കെ 15 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 28 റണ്‍സെടുത്ത മന്ദാന പുറത്തായി. ജെന്നി റോഡ്രിഗസ് (37), വേദ കൃഷ്ണമൂർത്തി (37) എന്നിവർക്കൊപ്പം മിതാലി ഉറച്ചുനിന്നതോടെ ഇന്ത്യ വിജയതീരമണഞ്ഞു.