രാജാക്കാട്: രാജാക്കാട് ഏഴുവയസുകാരിയെ യുവാവ് പീഡിപ്പിച്ചത് വീട്ടുകാരുമായുള്ള സൗഹൃദം മുതലെടുത്ത്. രാജാക്കാട് മുല്ലക്കാനം മരിയ ഭവനിൽ അനീഷിനെയാണ് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ കോടതി റിമാൻഡു ചെയ്തു. മുല്ലക്കാനം കോളനി ഭാഗത്ത് താമസിക്കുന്ന അനീഷ് സമീപവാസികളുമായി നല്ല സൗഹാർദ്ദം പുലർത്തിയിരുന്നു.
അതു കൊണ്ട് സമീപത്തെ ഏത് വീട്ടിലും ഇയാൾക്ക് കയറിച്ചെല്ലാവുന്ന സ്വാതാന്ത്ര്യവും ഉണ്ടായിരുന്നു. ഈ അവസരം മുതലെടുത്താണ് പ്രതി കുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തിയും, കുട്ടിയുടെ വീട്ടിൽവച്ചും കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിച്ചിരുന്നത്. കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ പീഡനവിവരം പുറത്തറിഞ്ഞതുമില്ല.
കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വന്ന കുട്ടിയെ പ്രതിയുടെ വീട്ടിൽ വച്ച് അസ്വഭാവീകമായ രീതിയിൽ അയൽവാസിയായ സ്ത്രീ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്യുകയും കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു. ബന്ധുക്കൾ കുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോഴാണ് ഒരുവർഷം നീണ്ട പീഡനകഥ പുറത്ത് വന്നത്. തുടർന്ന് ബന്ധുക്കൾ രാജാക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
രാജാക്കാട് എസ്ഐ പി.ഡി. അനൂപ്മോന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ പിടികൂടി ചോദ്യം ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നതായി സമ്മതിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തു.